രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ഉഡുപ്പിയില്‍ സമരം. ചിത്തരഞ്ജന്‍ സര്‍ക്കിളിലാണ് ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം അരങ്ങേറിയത്. സര്‍ക്കാര്‍ ബജറ്റില്‍ മദ്യത്തിന് 20 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ഒന്നുകില്‍ വില കുറയ്ക്കണം, അതുമല്ലെങ്കില്‍ രാവിലെയും വൈകിട്ടും 90 മില്ലി ലിറ്റര്‍ വീതം മദ്യം സൗജന്യമായി നല്‍കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയില്‍ പൂജ ചെയ്താണ് സമരം ആരംഭിച്ചത്. ആദരസൂചകമായി ഓരോരുത്തരും മദ്യക്കുപ്പിയില്‍ മാല ചാര്‍ത്തുകയും ചെയ്തു. സൗജന്യ മദ്യ വിതരണ പദ്ധതിക്ക് എക്‌സൈസ് നികുതി വഴി പണം കണ്ടെത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ മദ്യപാനത്തിനായി ചെലവഴിക്കുന്ന പണം അവരുടെ കുടുംബത്തെ പോറ്റാനും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിനിയോഗിക്കാമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.