അന്യായമായി വര്‍ദ്ധിപ്പിച്ച ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഓള്‍ കേരള പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സമരത്തിനൊരുങ്ങുന്നു. പനങ്ങാട് ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്‌കൂളിലെ അഞ്ചു കുട്ടികളെയാണ് പുറത്താക്കിയത്. മെയ് 31ന് വര്‍ദ്ധിപ്പിച്ച ഫീസടയ്ക്കാതിരുന്ന അഞ്ചു കുട്ടികള്‍ക്ക് സ്‌കൂളധികൃതര്‍ ടിസി രജിസ്റ്റേഡായി അയക്കുകയായിരുന്നു. ഫീസ് വര്‍ദ്ധനക്കെതിരെ പ്രതിഷേധിച്ച രക്ഷിതാക്കള്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയായാണ് കുട്ടികളുടെ ടിസി നല്‍കി അധികൃതര്‍ രക്ഷിതാക്കളോട് പകരം വീട്ടിയത്.
കുട്ടികളുടെ ഈ വര്‍ഷത്തെ അധ്യയനം മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടും കലക്ടറും പൊലീസും വിദ്യാഭ്യാസവകുപ്പും നടപടി എടുത്തില്ലെന്ന് അവര്‍ ആരോപിച്ചു. 15 നു മുമ്പ് കുട്ടികളെ ക്ലാസില്‍ ഇരുത്തണമെന്നും കുറ്റക്കാരായ പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ് അംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം. അല്ലാത്തപക്ഷം സ്‌കൂളിനുമുന്നില്‍ മാതാപിതാക്കളും കുട്ടികളുമടക്കം നിരാഹാരമിരിക്കും.