X

ബുള്ളി ബായ് വിദ്വേഷ പ്രചാരണത്തിനെതിരെ കര്‍ശന നടപടി വേണം: ഇ.ടി

കോഴിക്കോട്: മാന്യമായി ജീവിക്കുന്ന പ്രശസ്തരായ മുസ്‌ലിം സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്ത് അപമാനിക്കുന്ന ആസൂത്രിതവും ഗൂഢവുമായി നീക്കങ്ങള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ശക്താമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്ട്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. സംഘപരിവാറിനും കേന്ദ്ര ഭരണകൂടത്തിനുമെതിരെ പ്രതികരിക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള തരംതാണ തന്ത്രമാണ് മുസ്‌ലിം വനിതകളെ വില്‍പ്പനക്കു വെക്കുന്ന ബുള്ളി ബായ് ആപ്പുകള്‍. അധികാര മുഷ്‌കിനു മുമ്പില്‍ മുട്ടുവളക്കാത്തവരെ അപമാനിച്ച് നിശ്ശബ്ദമാക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല.

കഴിഞ്ഞ ഒന്നിനാണ് ‘ബുള്ളി ബായ്’ എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്‌ലിം വനിതകളെ വില്‍പനക്ക് വെച്ച സംഭവമുണ്ടായത്. വിഖ്യാത നര്‍ത്തകിയും നടിയുമായ ശബാന ആസ്മി, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവര്‍ത്തക സിദ്‌റ, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ ഐന്‍ റെഹ്ബര്‍, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പന്ക്കു വച്ചത്.

സംസ്‌കാരമുള്ള സമൂഹത്തിനു ഒട്ടു യോഗിക്കാത്തതും നീചവുമായ പദ്ധതിയിലൂടെ ഇത്തരം മഹദ് വ്യക്തികളുടെ വായ മൂടിക്കെട്ടാമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തുവന്ന ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിന്റെ പുതിയ പതിപ്പാണ് ‘ബുള്ളി ബായ്’. തീവ്രഹിന്ദുത്വവാദികള്‍ മുസ്‌ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കുന്ന പദമാണ് ‘സുള്ളി’. സുള്ളി ഓഫ് ദ ഡേ എന്ന പ്രയോഗം വെച്ചാണ് സ്ത്രീകളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റ് ചെയ്യുന്ന ആപ്പാണ് ‘ബുള്ളി ബായ്’. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്. സുള്ളി ഡീല്‍സ് കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് ഇതിന്റെ ആദ്യ പതിപ്പായ ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പ് പുറത്തുവന്നത്. ഗിറ്റഹബ് പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഇതും പ്രവര്‍ത്തിച്ചിരുന്നത്.

വംശീയവും ലിംഗപരവുമായ വിദ്വേഷ പ്രചാരണത്തിനെതിരെ കര്‍ശന നടപടിയെടുത്ത് ഇത്തരം പ്രവണതകള്‍ മുളയിലെ നുള്ളാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മാനവ വിഭവശേഷി മന്ത്രാലയത്തിനും പരാതി നല്‍കുമെന്നും ഇ.ടി പറഞ്ഞു.

Test User: