കോഴിക്കോട്: പരിശുദ്ധ റമദാനില്‍ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ അടയാളപ്പെടുത്തലുകള്‍ പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും ജ്വലിച്ചു നില്‍ക്കണമെന്ന് വിവിധ സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു. സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പ്രസരിപ്പിക്കുന്ന ഈദ് ദിനത്തില്‍ സാമൂഹ്യ ഐക്യത്തിനും സൗഹാര്‍ദ്ദത്തിനുമായി വിശ്വാസികള്‍ അണി ചേരണമെന്നും അവര്‍ ഓര്‍മപ്പെടുത്തി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി, കേരള ജംഇയ്യത്തുല്‍ ഉലമ, കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ.കെ. അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, ജമാഅത്തെ ഇസ്്‌ലാമി കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ വിശ്വാസികള്‍ക്ക് ഈദ് സന്ദേശങ്ങള്‍ കൈമാറി.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുംപെരുന്നാള്‍ ആശംസിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷഠാനത്തിലൂടെയും ദാന കര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാന്‍ ഈ സന്ദര്‍ഭം ഏവര്‍ക്കും പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഈദ് സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആഹ്വാനം ചെയ്തു. ഒരു മാസത്തെ വ്രതം നല്‍കിയ ആത്മീയകരുത്ത് ചെറുതല്ലെന്നും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ഊര്‍ജ്ജമാണിതെന്നും അദ്ദേഹം പറഞ്ഞു.
വലിയ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചെറിയ പെരുന്നാള്‍ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായി നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ലാളിത്യം, ത്യാഗം, സാഹോദര്യം, സമഭാവന എന്നിവയാല്‍ നിറഞ്ഞ ഈദുല്‍ ഫിത്വര്‍ എല്ലാവരുടെയും മനസുകളെ വിമലീകരിക്കട്ടെയെന്നും സ്പീക്കര്‍ ആശംസിച്ചു.