തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള പുത്തന്‍വീട്ടില്‍ രാഘവന്‍ (90)ആണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെ വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹത്തെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിനും കടിയേറ്റ് അവശനിലയിലായ രാഘവനെ വര്‍ക്കല താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐ.സി.യുവിലെ വെന്റിലേറ്ററില്‍ ചികിത്സയിരിക്കെ ഉച്ചക്ക് 2.55ന് മരണത്തിന് കീഴടങ്ങി.
പുലര്‍ച്ചെയുണ്ടായ തെരുവുനായക്കളുടെ ആക്രമണം ചെറുക്കാന്‍ രാഘവന് കഴിഞ്ഞില്ല. വാര്‍ധക്യത്തിന്റെ അവശതകളുണ്ടായിരുന്നതുകൊണ്ട് തറയില്‍ നിന്ന് എഴുന്നേല്‍ക്കാനുമായില്ല. ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ കൂട്ടംചേര്‍ന്ന് രാഘവന്റെ ശരീരമാസകലം കടിച്ചുപറിച്ചു. നിലവിളികേട്ട് വീട്ടുകാരും അയല്‍വാസികളും എത്തിയപ്പോഴേക്കും നായ്ക്കള്‍ ഓടിപ്പോയി. കടിയേറ്റ രാഘവന്റെ മുഖത്തെ എല്ലുകള്‍ പുറത്തേക്ക് തള്ളി. മൂക്ക് പൂര്‍ണമായും നായ്ക്കള്‍ കടിച്ചെടുത്തു. തടയാനുള്ള ശ്രമത്തിനിടയില്‍ തുടയിലും കഴുത്തിലും കൈകള്‍ക്കും ആഴത്തിലുള്ള കടിയേറ്റിരുന്നു. മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം മുറിവേറ്റു.
പേവിഷബാധക്കെതിരേയുള്ള കുത്തിവെപ്പുകള്‍ എടുത്ത ശേഷം അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ നല്‍കി. അതിനുശേഷവും നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്നാണ് സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത്.പ്രിവന്റീവ് ക്ലിനിക്, മെഡിസിന്‍, സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്ത്താല്‍മോളജി, ഇ.എന്‍.ടി എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ചികിത്സകള്‍ ക്രമീകരിച്ചത്. അബോധാവസ്ഥയിലായിരുന്ന രാഘവന് രക്തസമ്മര്‍ദ്ദവും കുറവായിരുന്നു. അമിതമായ രക്തം നഷ്ടപ്പെട്ടതിനാല്‍ ഒരു കുപ്പി രക്തം നല്‍കി. ഉച്ചക്ക് 1.20ന് ഹൃദയാഘാതം ഉണ്ടായെങ്കിലും ഡോക്ടര്‍മാരുടെ പരിശ്രമത്താല്‍ അത് വിജയകരമായി തരണം ചെയ്തു. എന്നാല്‍ 2.30ന് ഉണ്ടായ രണ്ടാമത്തെ ഹൃദയാഘാതം തരണം ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല.