സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ട എ.ബി.സി പദ്ധതി നടപ്പാക്കാത്തതും മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് ഇതിന് കാരണം. പേവിഷ ബാധയ്ക്ക് എതിരെ ഉപയോഗിക്കുന്ന വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്. കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. തെരുവ് നായയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ കുട്ടിയുടെ കുടുംബത്തിന്റെ സങ്കടം എങ്ങനെ പരിഹരിക്കും? ജനകീയ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ മന്ത്രിമാര്‍ക്ക് പുച്ഛവും പരിഹാസവുമാണ് അദ്ദേഹം പറഞ്ഞു.