ശ്രീനഗർ: കശ്മീരിലെ കത്വയിൽ പശു കിടാവ് വണ്ടിയിടിച്ച് ചത്തതിനെ തുടർന്ന്, ഡ്രൈവർക്ക് ക്രൂര മർദനം. വാഹനത്തിന് മുന്നിലേക്ക് പശു കിടാവ് ചാടിയതാണ് അപകടത്തിനു കാരണം. സംഭവസ്ഥലത്ത് ഗോരക്ഷകരെന്ന് അവകാശപ്പെട്ട് എത്തിയ രൺവീർ സിങ് എന്നയാളും കൂട്ടാളികളും ചേർന്ന് ഡ്രൈവർ രമേഷിനെ പുറത്തേക്ക് വലിച്ചിടുകയും വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ ഡ്രൈവർ രമേശ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അറിയാതെ സംഭവിച്ചതാണെന്നും തന്നെ മർദിക്കരുതെന്നും രമേശ് പറയുന്നത് വിഡിയോയിൽ കാണാം. എന്നാൽ, ഇത് ചെവികൊള്ളാതെ അക്രമിസംഘം മർദനം തുടർന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രമേശ് കുമാറിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. രവീന്ദർ സിങ്ങിനെയും മറ്റു അക്രമികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.