X
    Categories: More

ഈജിപ്തില്‍ നിന്നുള്ള ശീതീകരിച്ച സ്‌ട്രോബറി ഹാനികരമോ?

അബുദാബി: ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച സ്‌ട്രോബറി ആരോഗ്യത്തിന് ഹാനികരമല്ലെന്ന് അബുദാബി ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ ഹാനികരമായ യാതൊന്നും കണ്ടെത്താനായില്ല. മികച്ച പരിശോധനക്കായി വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി സാംബിളുകള്‍ ശേഖരിച്ചിരുന്നു. ഇവ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയെങ്കിലും മനുഷ്യ ശരീരത്തിന് ദോഷകരമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
വിവിധ ലബോറട്ടറികളിലെ പരിശോധനക്ക് ശേഷമാണ് യു.എ.ഇയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതെന്ന് ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി കമ്യൂണിറ്റി സര്‍വീസ് ആന്റ് കമ്യൂണികേഷന്‍ വിഭാഗം ഡയറക്ടര്‍ താമര്‍ അല്‍ ഖാസിമി വ്യക്തമാക്കി. ഈജിപ്തില്‍ നിന്നുള്ള സ്‌ട്രോബറി അമേരിക്കയിലെയും ഈജിപ്തിലെയും ലബോറട്ടറികളില്‍ പരിശോധന നടത്തിയ ശേഷമാണ് വിതരണം ചെയ്യുന്നത്. കൂടാതെ, യു.എ.ഇയില്‍ വീണ്ടും പരിശോധന നടത്തി ഹാനികരമല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: