തിരുവനന്തപുരം : അപരിചിതരുടെ വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ഡോമാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഈയിടെയായി അപരിചിതരുടെ വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്‌ക്രീന്‍ ഷോട്ട് , റെക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട് ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം ആവശ്യപ്പെടുന്നതായുമുള്ള പരാതികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു വരുന്നുണ്ട്. കോള്‍ ചെയ്യുന്നവര്‍ തങ്ങളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കോളുകള്‍ ചെയ്യുന്നത്.
കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം തന്നെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോ റെക്കോര്‍ഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയില്‍ ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട് . കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിക്കുമെന്നാകും ഭീഷണി.
ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അപരിചിതരില്‍ നിന്നും വരുന്ന വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്തു ഇത്തരത്തില്‍ വഞ്ചിക്കപെടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക എന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.