X
    Categories: keralaNews

ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വിചിത്ര ഉത്തരവ്; ലിസ്റ്റ് പ്രസിദ്ധീകരിക്കും മുമ്പ് പെന്‍ഷന്‍ വിതരണം

പി.എ. അബ്ദുല്‍ ഹയ്യ്
മലപ്പുറം

തൃക്കാക്കര തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉത്തരവ് വേഗത്തിലിറക്കി സംസ്ഥാന സര്‍ക്കാര്‍. ധനകാര്യ വകുപ്പ് 25ന് പുറത്തിറക്കിയ ഉത്തരവിലാണ് അന്നു തന്നെ വിതരണം ആരംഭിക്കണമെന്നും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് തീയതിയായ 31ന് അവസാനിപ്പിക്കണമെന്നും പറയുന്ന വിചിത്ര ഉത്തരവിറക്കിയത്.

ഉത്തരവിറങ്ങി വിതരണ നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന വസ്തുത നിലനില്‍ക്കെ ധൃതിപിടിച്ചു തീയതി പ്രഖ്യാപിക്കുകയും വിതരണം ആരംഭിച്ചു എന്ന രീതിയില്‍ പത്രക്കുറിപ്പിറക്കുകയും ചെയ്ത സര്‍ക്കാറിന്റെ ഉദ്ദേശ്യ ലക്ഷ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഒരു മാസം പൂര്‍ത്തീകരിച്ച് അടുത്ത മാസത്തിന്റെ തുടക്കത്തിലാണ് സാധാരണ ഗതിയില്‍ വിതരണം നടക്കാറുള്ളത്.

എന്നാല്‍ 2022 മാര്‍ച്ച് മാസത്തെ പെന്‍ഷന്‍ വിതരണം മുടങ്ങിയ സാഹചര്യം വരെയുണ്ടായി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനത്തിലാണ് കുടിശിക തുക വിതരണം ചെയ്തത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മെയ് മാസം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ഈ മാസത്തെ ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവിലാണ് 25 തന്നെ വിതരണം ആരംഭിക്കണമെന്നും 31ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്നും പറയുന്നത്. പെന്‍ഷന്‍ ഉത്തരവിറക്കി രണ്ടു ദിവസം കഴിഞ്ഞാണ് ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

അതും കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് പണം ട്രഷറികള്‍ വഴി ബാങ്കുകളിലെത്തുക. ബാങ്കിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് കലക്ഷന്‍ ഏജന്റുമാര്‍ വഴി വിതരണം ആരംഭിക്കുമ്പോള്‍ ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും കഴിയും. എന്നാല്‍ ഇന്നലെ ധനകാര്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താ കുറപ്പില്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചു എന്നാണ് പരാമര്‍ശിക്കുന്നത്.

Chandrika Web: