എപി താജുദ്ദീന്‍
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. പഠനവും ഫീസും ചികിത്സയും ചികിത്സാ ചിലവും സ്വാശ്രയ ശൈലിയില്‍ തന്നെ തുടരും.
ഭരണശൈലിയിലും കാതലായ മാറ്റത്തിന് സാധ്യതയില്ല. സഹകരണ സൊസൈറ്റിക്ക് പകരം സര്‍ക്കാര്‍ രൂപീകരിക്കുന്ന സൊസൈറ്റി ഭരണം നടത്തും. ഇടതു സര്‍ക്കാര്‍ രൂപീകരിക്കുന്ന സൊസൈറ്റിയുടെ മേധാവികള്‍ ഭരിക്കുന്ന പാര്‍ട്ടിക്കാരല്ലാതിരിക്കാന്‍ യാതൊരു കാരണവുമില്ല. പാര്‍ട്ടീഗ്രാമം പോലെ ഒരു പാര്‍ട്ടി മെഡിക്കല്‍ കോളജായി പരിയാരം മാറുന്നു എന്നതു മാത്രമായിരിക്കും മാറ്റം.
ഏറെ പ്രതീക്ഷയോടെയായിരുന്നു ഉത്തരമലബാര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കാത്തിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃകയായിരുന്നു അപ്പോള്‍ ജനങ്ങളുടെ മനസ്സില്‍. സൗജന്യ ചികിത്സ, മക്കള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ എംബിബിഎസ്, ഡെന്റല്‍, നഴ്‌സിംഗ്, പിജി പഠനം. ഈ സ്വപ്നങ്ങളെല്ലാം തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ പരിയാരം ഏറ്റെടുത്തിരിക്കുന്നത്.
എല്ലാ ജില്ലകള്‍ക്കും മെഡിക്കല്‍കോളജ് എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ നിന്ന് കണ്ണൂര്‍ പുറത്തായിരിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ. സര്‍ക്കാറിന്റെ കണക്കില്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി എണ്ണപ്പെടുകയും ജനങ്ങളുടെ ജീവിതത്തില്‍ പഴയ സ്വാശ്രയ മെഡിക്കല്‍ കോളജായി തുടരുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
എംബിബിഎസിന് 100 സീറ്റും പിജിക്ക് 37 സീറ്റുമാണ് പരിയാരത്തുള്ളത്. നടപ്പു വര്‍ഷം പ്രതിവര്‍ഷം 4.85 ലക്ഷം രൂപയും അടുത്ത വര്‍ഷം 5.6 ലക്ഷം രൂപയുമാണ് പരിയാരത്തെ വാര്‍ഷിക ഫീസ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ രണ്ടു വര്‍ഷത്തെ ഫീസ് പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് ലക്ഷവും ബോണ്ടും നല്‍കി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഫീസ് പ്രകാരം അവശേഷിക്കുന്ന 2.83 ലക്ഷം രൂപ അടക്കുന്നതിന് മെമ്മോ നല്‍കിക്കഴിഞ്ഞു. അടക്കാത്തപക്ഷം അവരുടെ പഠനം മുടങ്ങും. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാറായിരിക്കും ഇനി സ്വാശ്രയ ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളുടെ മേല്‍ നടപടി സ്വീകരിക്കുക.
കേരളത്തിലെ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ 25000 രൂപ വാര്‍ഷിക ഫീസ് ഈടാക്കുമ്പോളാണ് പരിയാരത്ത് 4.83 ഉം 5.6 ഉം ലക്ഷം ഈടാക്കി സര്‍ക്കാര്‍ മേല്‍വിലാസത്തില്‍ തുടരുന്നത്. കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ എംബിബിഎസിന് 1100 സീറ്റ് മാത്രമുള്ളപ്പോഴാണ് പരിയാരത്തെ 100 സീറ്റ് സ്വാശ്രയത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്.
രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കിലും ഇത്രയും കാലം പരിയാരം മെഡിക്കല്‍ കോളജ് ഭരിച്ച എംവി ജയരാജന്‍ ചെയര്‍മാനായ കമ്മിറ്റിക്ക് വന്‍ സാമ്പത്തിക നേട്ടമാണ് ഈ ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്നത്. ഇത്രയും കാലം ഭരണം നടത്തിയതിലൂടെ ഹഡ്‌കോയ്ക്ക് അടക്കാനുണ്ടായിരുന്ന 266.4.7 കോടി രൂപയുടെ കടം സര്‍ക്കാര്‍ അടക്കുന്നതിലൂടെ അവരുടെ ഉത്തരവാദിത്തം ഒഴിവാകുകയും യാതൊരു ബാധ്യതയുമില്ലാത്ത മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ സഹകരണ സൊസൈറ്റി വഴി തിരിച്ചുകിട്ടുകയുമാണ്.
സാമുവല്‍ ആറോണ്‍ സൗജന്യ ചികിത്സക്ക് മാത്രമായി സര്‍ക്കാറിന് നല്‍കിയ പരിയാരത്തെ 119 ഏക്കല്‍ സ്ഥലത്ത് എംവി രാഘവന്റെ നേതൃത്വത്തില്‍ 1993ലാണ് സ്വാശ്രയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്.
1000 കിടക്കകളുള്ള ഈ മെഡിക്കല്‍ കോളജ് കേരളത്തിലെ ആദ്യ സഹകരണ സ്വാശ്രയ മെഡിക്കല്‍ കോളജാണ്. ഇതിനെതിരെ സിപിഎം ആരംഭിച്ച പ്രക്ഷോഭത്തില്‍ 1994 നവംബര്‍ 25ന് അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുകയും ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പുഷ്പന്‍ എന്ന പ്രവര്‍ത്തകന്‍ ജീവച്ഛവമായി മാറുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ മെഡിക്കല്‍ കോളജ് ഭരണസമിതി സിപിഎം പിടിച്ചടക്കുകയും ഇപ്പോള്‍ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജായി മാറ്റുകയും ചെയ്തിരിക്കുന്നു.