X

ഒരൊറ്റ ട്വീറ്റ്; പിന്നെ പൊടിപൊടിച്ച കച്ചോടം, ബിബിസിയില്‍ അടക്കം വാര്‍ത്ത- ഇത് ലണ്ടനിലെ ഹലാല്‍ റസ്റ്ററന്‍ഡിന്റെ കഥ!

ലണ്ടന്‍: ‘കിഴക്കന്‍ ലണ്ടനിലെ ഏറ്റവും പഴക്കം ചെന്ന റെസ്റ്ററന്‍ഡ് നടത്തുന്നത് എന്റെ പപ്പയാണ്. ഇപ്പോള്‍ വേണ്ടത്ര ഉപഭോക്താക്കളില്ല. ദയവായി അവിടെ വന്നു കുറച്ചു സ്‌നേഹം കാണിക്കൂ. നിങ്ങള്‍ ആള്‍ഡ്‌ഗേറ്റ് സ്ട്രീറ്റില്‍ ഉണ്ടെങ്കില്‍ ഒരു ഭക്ഷണമാകാം. അതേറ്റവും മികച്ചതാകും എന്ന് ഞാന്‍ ഉറപ്പു തരുന്നു’ – കോവിഡ് ലോക്ക്ഡൗണില്‍ തകര്‍ന്നു കിടന്ന ലണ്ടനിലെ റസ്റ്ററന്‍ഡിലെ കച്ചവടം ഈ ഒരൊറ്റ ട്വീറ്റു കൊണ്ട് മാറിമറിഞ്ഞു. ആളുകളെത്തി, സ്‌നേഹം ചാലിച്ചുവച്ച രുചിക്കൂട്ടുകള്‍ നുണഞ്ഞു. കച്ചോടം വീണ്ടും പൊടിപൊടിച്ചു.

ഇത് ലണ്ടന്‍ ഓള്‍ഡ് ഈസ്റ്റ് ഗേറ്റിലെ ഹലാല്‍ റെസ്റ്ററന്‍ഡിന്റെ കഥ. ട്വീറ്റ് ചെയ്തത് ഹോട്ടല്‍ ഉടമ മെഹ്ബൂബിന്റെ മകള്‍ മെഹ്നാസ്. പതിനാലായിരം പേരാണ് മെഹ്നാസിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തത്. മുപ്പത്തിമുവ്വായിരത്തിലധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.

സംഗതി വൈറലായതോടെ കച്ചവടം ഉഷാറായി. ആളുകള്‍ വീണ്ടും എത്തിത്തുടങ്ങിയതോടെ ഹോട്ടല്‍ ഇപ്പോള്‍ നടത്തുന്ന, ഉസ്മാന്‍ക്കയുടെ മകന്‍ മെഹ്ബൂബിന്റെ മുഖത്തും ചിരി. ബിബിസി അടക്കമുള്ള വിഖ്യാത മാധ്യമങ്ങള്‍ റസ്റ്ററന്‍ഡിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കണ്ണു നിറഞ്ഞാണ് മകളുടെ സ്‌നേഹത്തെ കുറിച്ച് മെഹ്ബൂബ് ബിബിസിക്ക് മുമ്പില്‍ പ്രതികരിച്ചത്.

ലണ്ടന്‍ ഉസ്മാനും മകന്‍ മെഹ്ബൂബും കമാല്‍ വരദൂരിനും അതുല്‍ കമാലിനുമൊപ്പം

കോവിഡ് ലോക്ക്ഡൗണോടെ കച്ചവടം ഇല്ലാതായതാണ് ഹോട്ടലിനെയും കുടുംബത്തെയും പ്രതിസന്ധിയിലാക്കിയത്. ആ വിഷമസന്ധി മാറിയത് സോഷ്യല്‍ മീഡിയയിലെ ഒരു കുറിപ്പു കൊണ്ടും. പ്രതിസന്ധികള്‍ക്കിടയില്‍ ഒരച്ഛന് മകള്‍ക്ക് നല്‍കാന്‍ ഇതിലും മികച്ച സമ്മാനം എന്തുണ്ട്!

തുടങ്ങിയത് 1939ല്‍

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പാണ് ഓള്‍ഡ് ഈസ്റ്റ് ഗേറ്റില്‍ ഹലാല്‍ റെസ്റ്ററന്‍ഡ് ആരംഭിക്കുന്നത്, 1939ല്‍. ലണ്ടന്‍ ഉസ്മാന്‍ക്കയുടെ വിയര്‍പ്പിലാണ് ഈ സ്ഥാപനം തദ്ദേശീയര്‍ക്കിടയിലും വിദേശികള്‍ക്കിടയിലും പ്രിയപ്പെട്ടതായി മാറിയത്. കിഴക്കന്‍ ലണ്ടനിലെ ആദ്യ ഭക്ഷണശാലകളില്‍ ഒന്നാണിത്. ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെ മുഖ്യം. അതിപ്പോള്‍ മെഹ്ബൂബ്ക്ക സ്‌നേഹം കൊണ്ട് കൂട്ടിക്കുഴച്ചു തരുമ്പോള്‍ ഏറെ രുചികരമെന്ന് ഇന്ത്യയ്ക്കാര്‍ പറയും.

ദ സണ്‍ഡേ ടൈംസ് മാഗസിനില്‍ വന്ന റിപ്പോര്‍ട്ട

ജോലി തേടി കപ്പല്‍ മാര്‍ഗമാണ് ഉസ്മാന്‍ ലണ്ടന്‍ നഗരത്തിലെത്തിയത്. ഒരു ഹോട്ടലില്‍ ജോലിക്കു കയറി. ജീവനക്കാരന്റെ സമര്‍പ്പണം ബോധ്യപ്പെട്ട ഉടമ ഹോട്ടല്‍ അതേറ്റെടുത്തു നടത്താന്‍ ഉസ്മാനോട് ആവശ്യപ്പെടുകയായിരുന്നു. കേരളത്തില്‍ നിന്നെത്തുന്നവരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഹലാല്‍ റസ്റ്ററന്‍ഡ്. മുന്‍മുഖ്യമന്ത്രിമാരായ സിഎച്ച് മുഹമ്മദ് കോയ, ഇകെ നായനാര്‍, മുസ്‌ലിം ലീഗ് മുന്‍ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ എല്ലാം ഈ ഹോട്ടലിന്റെ ആതിഥ്യമര്യാദ നുണഞ്ഞവരാണ്.

 

 

Test User: