പഴയ താളുകള്‍
കെ.പി ജലീല്‍
അടിയന്തിരാവസ്ഥക്കും 1977ലെ തിരഞ്ഞെടുപ്പ് പരാജയത്തിനുംശേഷം കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയുടെ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമായ കാലഘട്ടം. ജനതാപരീക്ഷണത്തിന്റെ പരാജയത്തിനൊടുവില്‍ ‘ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ ‘ എന്ന മുദ്രാവാക്യം എങ്ങും ഉയരുന്നു. 1980ലാണ് ആ തിരഞ്ഞെടുപ്പ് വന്നത്. ഏഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ്. 77 നുശേഷം കേരളത്തിലും നാല് മന്ത്രിസഭകള്‍ വാണും വീണും തുടര്‍ന്നു. കെ.കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ. സി.എച്ചിന്റെ കാവല്‍മന്ത്രിസഭയുടെ കാലത്താണ് ’80ലെ വോട്ടെടുപ്പ് നടന്നത്. ഇന്ദിരാഗാന്ധി രാജ്യം മുഴുവന്‍ ഓടിനടന്ന് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണംനടത്തി. കോണ്‍ഗ്രസ് പിളര്‍ന്നതിനാല്‍ പശുവും കിടാവും എന്ന ചിഹ്നം പാര്‍ട്ടിക്ക് നഷ്ടമായി.
കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം തിരഞ്ഞെടുപ്പുകമ്മീഷന്‍ നിര്‍ദേശിച്ച മൂന്നുചിഹ്നങ്ങളിലൊന്ന് കൈപ്പത്തിയായിരുന്നു. സൈക്കിള്‍, ആന എന്നിവയായിരുന്നു മറ്റുരണ്ടെണ്ണം. ഇന്ദിര കൈപ്പത്തി തിരഞ്ഞെടുക്കുന്നതിന ്കാരണം മറ്റൊന്നായിരുന്നു. ആയിടക്കാണ് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പി.എസ് കൈലാസത്തിന്റെ ഭാര്യ സൗന്ദരാകൈലാസം പാലക്കാട്ടെ കൈപ്പത്തി ക്ഷേത്രത്തെപ്പറ്റി സംഭാഷണത്തിനിടെ പറഞ്ഞത്. ഇപ്പോഴത്തെ കോണ്‍ഗ്രസ്‌നേതാവ് പി.ചിദംബരത്തിന്റെ ഭാര്യാമാതാവും കവയിത്രിയുമായ ഇവര്‍ക്ക് നെഹ്രുകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1980ല്‍ പാലക്കാട്ടുനിന്ന് വി.എസ് വിജയരാഘവന്‍ എം.പിയായതിനുശേഷം ഒരിക്കല്‍ കൈപ്പത്തി പതിച്ച ലോക്കറ്റുമായി ഇന്ദിരയെ ചെന്നുകണ്ട് അത് സമ്മാനിച്ചു. അപ്പോഴാണ് അവര്‍ പാലക്കാട്ടെ ക്ഷേത്രത്തിലേക്ക് വരാന്‍ സമ്മതിച്ചത്. മലമ്പുഴയിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി കരുണാകരനോടൊപ്പം ഇന്ദിര അകത്തേത്തറ കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധി ദര്‍ശനം നടത്തി.
ഇന്ത്യയില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഒരേയൊരു ക്ഷേത്രമാണിത്. രണ്ടുകൈപ്പത്തികള്‍ കൊണ്ട് ഹേമാംബികദേവി ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രതിഷ്ഠ. അതാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ കൈപ്പത്തി ചിഹ്നത്തിന്റെ ഉല്‍ഭവം. കൈപ്പത്തി തുണച്ചു. ഉരുക്കുവനിത ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗംഭീരതിരിച്ചുവരവ് നടത്തി. 1977നേക്കാള്‍ 286 സീറ്റുകള്‍ കൂടുതല്‍ നേടി 373 സീറ്റോടെ. കൈപ്പത്തി ഭാഗ്യചിഹ്നമായി തുടര്‍ന്നു. ഈ തിരഞ്ഞെടുപ്പിലാണ് ഏറ്റവുംകൂടുതല്‍ മുസ്്‌ലിംകള്‍ എം.പിമാരായതും. (1951ലെ പ്രഥമതിരഞ്ഞെടുപ്പില്‍ ഫോര്‍വേഡ് ബ്ലോക്ക് കൈപ്പത്തിചിഹ്നം സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോഴത്തേതില്‍നിന്ന് കാര്യമായ വ്യത്യാസമുണ്ടായിരുന്നു അതിന്.)