ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ കഴിയാതിരുന്ന യുവതിക്ക് ഒടുവില്‍ ഭര്‍ത്താവുമായി പുനഃസ്സമാഗമം. ജോധ്പൂര്‍ സ്വദേശി പ്യാഗല്‍ സാങ് വിയാണ് കാമുകന്‍ മുഹമ്മദ് ഫൈസിനെ വിവാഹം കഴിക്കാനായി മതം മാറിയിരുന്നത്. എന്നാല്‍ യുവതിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയായിരുന്നെന്ന് ആരോപിച്ച് പ്യാഗലിന്റെ ബന്ധുക്കള്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയായിരുന്നു.
ഒക്ടോബര്‍ 25 ന് പ്യാഗലിനെ തട്ടിക്കൊണ്ടുപോവുകയും പീഡനത്തിനൊടുവില് നിര്‍ബന്ധിച്ച് വിവാഹ ചെയ്യുകയുമായിരുന്നുവെന്നാണ് പ്യാഗലിന്റെ സഹോദരന്‍ ചിരാങ് സാങ് വി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പ്യാഗലിന്റെ സഹപാഠിയായിരുന്ന ഫൈസ് പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്നും ഇത് ലവ് ജിഹാദാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പത്തു വര്‍ഷത്തോളമായി ഇരു കുടുംബങ്ങളും പരിചയത്തിലാണെന്നും ഫൈസും പ്യാഗലും പ്രണയത്തിലാണെന്നും ഫൈസിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട കോടതി പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ പെണ്‍കുട്ടിക്ക് വിവേചനാധികാരമുണ്ടെന്നും പ്യാഗലിന് സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.