X

മുസഫര്‍നഗര്‍ കലാപം: യു.പി മന്ത്രിക്കും മുന്‍ കേന്ദ്രമന്ത്രിക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ലക്‌നോ: മുസഫര്‍നഗര്‍ കലാപക്കേസില്‍ യു.പി മന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സംസ്ഥാന കരിമ്പ് വികസന വകുപ്പ് മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍, ബി.ജെ.പി എം.എല്‍.എ സംഗീത് സോം, മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമേഷ് മാലിക് എന്നിവര്‍ക്കെതിരെയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധു ഗുപ്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

മുസഫര്‍ നഗര്‍ കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയിലാണ് കോടതി ഉത്തരവ്. 2018 ജനുവരി 19ന് പ്രതികളെ നേരിട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഐ.പി.സി 153 എ വകുപ്പ് പ്രകാരം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിച്ചതായി എസ്.ഐ.ടി കോടതിയില്‍ വ്യക്തമാക്കി.

മുസഫര്‍ നഗര്‍ കലാപ വേളയില്‍, 2013 ഓഗസ്റ്റില്‍ മഹാപഞ്ചായത്തില്‍ കുറ്റാരോപിതരായ ഇവര്‍ നാലുപേരും പങ്കെടുത്തിരുന്നതായും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്നുമാണ് എസ്.ഐ.ടി കണ്ടെത്തല്‍. നിരോധനാജ്ഞ നിലനില്‍ക്കെ, ഇത് മറികടന്നാണ് മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തത്. തെറ്റായ ലക്ഷ്യങ്ങളോടെ സംഘടിച്ചതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍നിന്ന് തടഞ്ഞതും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2013 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ മുസ്്‌ലിംഭൂരിപക്ഷ പ്രദേശമായ മുസഫര്‍നഗറില്‍ വര്‍ഗീയ കലാപം അരങ്ങേറിയത്. 60 മുസ്്‌ലിംകള്‍ക്ക് കലാപത്തില്‍ ജീവന്‍ നഷ്ടമായതായാണ് കണക്ക്. 40,000ത്തിലധികം കുടുംബങ്ങള്‍ തെരുവിലായി. സംഘ്പരിവാര്‍ ശക്തികളായിരുന്നു കലാപത്തിനു പിന്നില്‍. കലാപ ഇരകളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അഞ്ചു വര്‍ഷം പിന്നിട്ടും പൂര്‍ണമായി നടപ്പായിട്ടില്ല.

chandrika: