X

സ്വാമി ചിന്മയാനന്ദിനെതിരെ കൂടുതല്‍ തെളിവുകളുമായി വിദ്യാര്‍ത്ഥിനി; 43 വീഡിയോ ക്ലിപ്പുകള്‍ കൈമാറി

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണമുന്നയിച്ച നിയമ വിദ്യാര്‍ത്ഥിനി കൂടുതല്‍ തെളിവുകളുമായി രംഗത്ത്. ചിന്മയാനന്ദിനെ കുരുക്കിലാക്കുന്ന 43 വീഡിയോ ക്ലിപ്പുകള്‍ പെണ്‍കുട്ടിയുടെ പിതാവ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
പെണ്‍കുട്ടി കുളിക്കുന്നതിനിടെ ചിന്മയാനന്ദ് രഹസ്യമായി ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും അവ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയ്ല്‍ ചെയ്ത് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് ചിന്മയാനന്ദിന്റെ പ്രവൃത്തികള്‍ രഹസ്യ ക്യാമറ ഉപയോഗിച്ച് വീഡിയോയില്‍ പകര്‍ത്താന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. നിയമവിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റല്‍ മുറിയില്‍നിന്ന് ചില തെളിവുകള്‍ നീക്കം ചെയ്തതിന് ചിന്മയാനന്ദിനെതിരെ തെളിവുകള്‍ നശിപ്പിച്ചതിന് കേസെടുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ബി.ജെ.പിനേതാവിനെതിരെയുള്ള ആരോപണങ്ങള്‍ പെണ്‍കുട്ടിയുടെ ഒരു സുഹൃത്തും ശരിവെച്ചു. താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പെണ്‍കുട്ടി തന്നോട് പറഞ്ഞിരുന്നതായി അവര്‍ വെളിപ്പെടുത്തി.
ഹോട്ടലില്‍ സൗജന്യ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നെങ്കിലും താന്‍ അകപ്പെട്ട ചതിയെക്കുറിച്ച് പെണ്‍കുട്ടിക്ക് അറിയുമായിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍നിന്ന് കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടിയാണ് ചിന്മയാന്ദിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ശാരീരികമായി ചൂഷണം ചെയ്തുമെന്നുമാണ് പരാതിക്കാരി പറയുന്നത്.
ഷാജഹന്‍പൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ചിന്മയാന്ദിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല, പെണ്‍കുട്ടിയെ പൊലീസ് 11 മണിക്കൂറോളം ചോദ്യംചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വിഷയം വിവാദമാക്കിയതോടെ ചിന്മയാനന്ദിനെതിരെ തട്ടിക്കൊണ്ടുപോകലിനാണ് പൊലീസ് കേസെടുത്തത്. ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ ആത്മീയപാതയിലാണെന്നും എപ്പോള്‍ വേണമെങ്കിലും ഡല്‍ഹി പൊലീസിന് മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

chandrika: