X
    Categories: indiaNews

ഹാത്രസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചു ബിജെപി എംപി; ജയിലറെ കാണാന്‍ പോയതെന്ന് മറുപടി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കഴിയുന്ന ജയിലില്‍ സന്ദര്‍ശനം നടത്തി ബിജെപി എംപി. ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേരെ പാര്‍പ്പിച്ചിരിക്കുന്ന അലിഗഡ് ജയിലിലാണ് ഹാത്രാസ് എംപികൂടിയായ ബിജെപി നേതാവ് രാജ്വീര്‍ സിങ് ഡൈലര്‍ ഞായറാഴ്ച സന്ദര്‍ശനം നടത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ പ്രതികളെ കാണാനല്ല പോയതെന്നും ജയിലര്‍ക്കൊപ്പം ഒരു കപ്പ് ചായ കൂടിക്കാന്‍ പോയതാണെന്നും ഹാത്രാസ് എംപി പ്രതികരിച്ചു.

ബിജെപി എംപിയുടെ ജയില്‍ സന്ദര്‍ശനം വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ്, ബിജെപി എംപി ചെയ്തത് ആക്ഷേപകരമായ കാര്യമാണെന്നും അഭിപ്രായപ്പെട്ടു.

ജയില്‍ സന്ദര്‍ശനത്തിന് ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിച്ച ഡിലര്‍, തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞു. എന്നാല്‍, പ്രതികളെ കാണാന്‍ പോയതാണോയെന്ന ചോദ്യത്തിന്, താന്‍ അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ടിനെ (എസ്എസ്പി) കാണാന്‍ പോയതാണെന്നായിരുന്നു മറുപടി. എന്നിട്ട് ഉദ്യോഗസ്ഥനെ കണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ മറുചോദ്യത്തിന്, കോവിഡായതിനാല്‍ അദ്ദേഹത്തെ കണ്ടില്ലെന്നായിരുന്നു ബിജെപി എംപിയുടെ മറുപടി.

രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ കൂട്ടബലാത്സംഗത്തിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കുള്ള ബിജെപി എംപിയുടെ സന്ദര്‍ശനം ഏറ്റവും ആക്ഷേപകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആധാര മിശ്ര പറഞ്ഞു. ഹാത്രസ് സംഭവം രാജ്യം മുഴുവന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്ക് ഒരു എംപി സന്ദര്‍ശിക്കുന്നത് ചെറിയ കാര്യമല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. നിലവിലുള്ള സാഹചര്യങ്ങളില്‍ അദ്ദേഹം അവിടെ പോകാന്‍ പാടില്ലായിരുന്നു,ആധാര മിശ്ര പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് ദലിത് യുവതിയെ ഹത്രാസിലെ ഗ്രാമത്തില്‍ സവര്‍ണ വിഭാഗത്തില്‍പെട്ട നാലംഗ സംഘം ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാഴ്ചക്കൊടുവില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെയാണ് വിവരം പുറം ലോകമറിയുന്നത്.

നേരത്തെ ഹാത്രസ് കേസിലെ പ്രതികള്‍ക്കായി നിര്‍ഭയക്കേസിലെ പ്രതികള്‍ക്കായി വാദിച്ച അഭിഭാഷകനെ സവര്‍ണ സംഘം രംഗത്തിറക്കിയിരുന്നു. അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാത്രസ് കേസില്‍ അഡ്വ. അജയ് പ്രകാശ് സിങ് എന്ന എ.പി.സിങിന് വക്കാലത്ത് നല്‍കിയത്. ഹാത്രസില്‍ കേസിലെ പ്രതികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം സവര്‍ണരുടെ യോഗവും ചേര്‍ന്നിരുന്നു. പ്രതികളിലൊരാളുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 500ഓളം പേരാണ് ബി.ജെ.പി നേതാവ് രജ്വീര്‍ സിംഗ് പെഹെല്‍വാന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഒത്തുകൂടിയത്.

 

 

 

 

chandrika: