X
    Categories: CultureMoreViews

ഇത് അവര്‍ പരിഹസിച്ച ‘അമുല്‍ ബേബിയല്ല’; ഇന്ദിരയുടെ ചെറുമകന്‍ രാഹുല്‍ ഗാന്ധിയാണ്….

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പൂര്‍ണമായ അധികാരം കയ്യിലൊതുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സംഘപരിവാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറെയായി. രണ്ട് എം.പിമാരില്‍ നിന്ന് കേവലഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നത് ജനാധിപത്യത്തിന്റെ മാന്യമായ വഴികളിലൂടെയായിരുന്നില്ല. വര്‍ഗ്ഗീയവാദത്തിന്റെയും വിദ്വേഷത്തിന്റേയും കലാപത്തിന്റേയും വഴികള്‍ അവര്‍ മാറ്റി മാറ്റി പ്രയോഗിച്ചു. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടായ അണ്ണാ ഹസാരയുടേയും ബാബാ രാംദേവിന്റേയും സമരങ്ങളും ഊഹക്കണക്കില്‍ നിന്നുണ്ടായ 2ജി അഴിമതിക്കേസുമെല്ലാം അത്തരത്തില്‍ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തതായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ തങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന തടസം നെഹ്‌റു കുടുംബമാണെന്ന തിരിച്ചറിവും സംഘപരിവാറിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ഭാവി നേതാവായ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് സംഘപരിവാര്‍ വളരെ മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. രാഹുല്‍ ഒന്നിനും കൊള്ളാത്തവനാണെന്നും അമുല്‍ ബേബിയാണെന്നും അവര്‍ തന്ത്രപൂര്‍വ്വം പ്രചരിപ്പിച്ചു. സംഘപരിവാര്‍ പ്രചാരണത്തിന്റെ ഭവിഷ്യത്ത് അറിഞ്ഞോ അറിയാതെയോ രാജ്യത്തെ ഇടതുപക്ഷവും മതേതരവാദികളും പലപ്പോഴും അതേറ്റുപാടി. അങ്ങനെ രാഹുല്‍ ഒന്നിനും പറ്റാത്തവനെന്ന ഒരു പൊതുബോധം സംഘപരിവാര്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തു. എല്ലാത്തിനും പരിഹാരമായി മോദി വരട്ടെയെന്ന പ്രചാരണത്തില്‍ വീണവര്‍ മോദിയെ അധികാരത്തിലേറ്റി.

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ രാഹുല്‍ എന്ന നേതാവിലേക്കാണ് രാജ്യത്തെ മതേതര പൊതുസമൂഹം ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുള്ള ഇന്ത്യയുടെ ഭാവി നേതാവിനെയാണ് രാജ്യം ഇന്ന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ കണ്ടത്. മോദിയേയും ബി.ജെ.പിയേയും വസ്തുനിഷ്ഠമായി വിലയിരുത്തുന്ന, സ്വന്തം വീഴ്ചകള്‍ ഏറ്റുപറയുന്ന, ഭാവിക്കായി ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന പുതുനായകന്‍, അതാണ് ഇന്ന് പ്ലീനറി സമ്മേളനത്തില്‍ കണ്ട രാഹുല്‍ ഗാന്ധി.

ആര്‍.എസ്.എസിനേയും മോദിയേയും കൃത്യമായി തുറന്നു കാണിക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. കോണ്‍ഗ്രസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുമ്പോള്‍ ആര്‍.എസ്.എസ് അത് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് രാജ്യം അപകടത്തിലാണെന്ന് പറയാന്‍ ജനങ്ങള്‍ക്കിടയിലേക്ക് വരേണ്ടി വന്നതാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥ. മാധ്യമങ്ങള്‍ക്ക് സര്‍ക്കാറിനെ ഭയമാണെന്നും രാഹുല്‍ പറഞ്ഞു.

ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും സംഘപരിവാറിന് അഹിതകരമായത് സംസാരിച്ചതാണ് അവര്‍ കൊല്ലപ്പെടാന്‍ കാരണം. ആര്‍.എസ്.എസിന് അഹിതകരമായത് സംസാരിച്ചാല്‍ കൊന്നുകളയുമെന്നാണ് ഗൗരിയേയും കല്‍ബുര്‍ഗിയേയും വധിച്ചതിലൂടെ ആര്‍.എസ്.എസ് നല്‍കുന്ന സന്ദേശം. സത്യസന്ധരായ വ്യവസായികളെ തകര്‍ക്കുകയും അഴിമതിക്കാരെ വളര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാക്കിസ്ഥാനിലേക്ക് ഒരിക്കലും പോകാത്ത എല്ലാ പ്രതിസന്ധികളിലും രാജ്യത്തിന്റെ കൂടെ നിന്ന മുസ്ലിംഗളോട് അവര്‍ പാക്കിസ്ഥാനില്‍ പോകാന്‍ പറയുകയാണ്. മോദി എന്ന പേര് പ്രതീകവല്‍ക്കരിക്കുന്നത് മുതലാത്തവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ മൗലികമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. നുണകള്‍ക്ക് മുകളിലാണ് ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യുകയായിരുന്നു. രാജ്യത്തിന് മടുത്തിരിക്കുന്നു, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴികാട്ടണം. കുരുക്ഷേത്രയുദ്ധത്തില്‍ കൗരവര്‍ അധികാരത്തിന് വേണ്ടി യുദ്ധം ചെയ്തപ്പോള്‍ പാണ്ഡവര്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയാണ് യുദ്ധം ചെയ്തത്. ഇവിടെ ആര്‍.എസ്.എസും ബി.ജെ.പിയും അധികാരത്തിനായി പടനയിക്കുമ്പോള്‍ പാണ്ഡവരായ കോണ്‍ഗ്രസ് സത്യത്തിനായി പോരാടുകയാണ്. ബി.ജെ.പിയുടെ അധ്യക്ഷനായി കൊലക്കേസ് പ്രതിയെ ജനങ്ങള്‍ അംഗീകരിക്കും എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ അംഗീകരിക്കില്ല. കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നത് ഉയര്‍ന്ന നിലയിലാണെന്നും രാഹുല്‍ പറഞ്ഞു.

മോദി വിമര്‍ശനത്തിനപ്പുറം സ്വയം വിമര്‍ശിക്കാനുള്ള പക്വതയും രാഹുല്‍ കാണിച്ചു. മോദി കരുതുന്നത് അയാള്‍ ദൈവമാണ് തെറ്റ് പറ്റില്ലെന്നാണ്. എന്നാല്‍ ഞങ്ങള്‍ മനുഷ്യരാണ് തെറ്റ് പറ്റും. രണ്ടാം യു.പി.എ സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞില്ല. താനിത് സന്തോഷത്തോടെയല്ല പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ഒരു മതിലുണ്ട്. അത് പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

ഈ പ്ലീനറി സമ്മേളനത്തില്‍ രാജ്യം കണ്ടത് എതിരാളില്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയെയല്ല. രാഷ്ട്ര ശില്‍പിയായ നെഹ്‌റുവിന്റെ പിന്‍മുറക്കാരനെയാണ്. രാജ്യം കണ്ട കരുത്തയായ പ്രധാനമന്ത്രിയായ ഇന്ദിരയുടെ കൊച്ചുമകനെയാണ്. ഇത് അവര്‍ പറഞ്ഞ അമുല്‍ ബേബിയല്ല; ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: