X
    Categories: NewsViews

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ ഉജ്ജ്വല വിജയത്തിലേക്ക്

ശരീഫ് കരിപ്പൊടി

മഞ്ചേശ്വരം: ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ മത്സരംനടന്ന മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ വിജയത്തിലേക്ക്. അന്തരിച്ച സിറ്റിംഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി ഇനി മഞ്ചേശ്വരത്ത് നിന്നും എംസി ഖമറുദ്ദീന്‍ നിയമസഭയെ പ്രതിനിധീകരിക്കും. ഐക്യജനാധിപത്യ മുന്നണിയുടെ ഇളകാത്ത കോട്ടയില്‍ പ്രചാരണത്തിന്റെ തുടക്കം മുതലുള്ള ആത്മവിശാസം ഇരട്ടിപ്പിക്കുന്നതാണ് പിന്നാലെ വന്ന കണക്കുകളും പ്രവചനങ്ങളും. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ നേരിയ കുറവുണ്ടായെങ്കിലും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ശുഭപ്രതീക്ഷയിലായിരുന്നു. ബി.ജെ.പിക്കെതിരെ ന്യൂനപക്ഷ ഏകീകരണവും പൗരത്വ പ്രശ്‌നമടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്.
പടന്ന എം.ആര്‍.വി. എച്ച്. എസ്.എസില്‍ പഠിക്കുമ്പോള്‍ എം.എഫ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.

1980-81 വര്‍ഷത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പഠിക്കുമ്പോള്‍ ചീഫ് സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ എം.എസ്. എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു.

തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച് 1995 മുതല്‍ 2000 വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കുമ്പള ഡിവിഷനില്‍ നിന്നും വിജയിച്ച് 2005 മുതല്‍ 2010 വരെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

പടന്ന എടച്ചാക്കൈയിലെ പരേതനായ എ.സി മുഹമ്മദ് കുഞ്ഞി ഹാജിയുടെയും എം.സി മറിയുമ്മയുടെയും മകനാണ് എം.സി ഖമറുദ്ദീന്‍.
ബി.എ ബിരുദമാണ് വിദ്യാഭാസ യോഗ്യത. ഭാര്യ: എം.ബി. റംലത്ത്. മക്കള്‍: ഡോ. മുഹമ്മദ് മിദ്‌ലാജ്. മുഹമ്മദ് മിന്‍ഹാജ്, മറിയമ്പി , മിന്‍ഹത്ത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: