X
    Categories: CultureNewsViews

കോട്ടയം: ഉറച്ചുതന്നെ യു.ഡി.എഫ് കോട്ട

എന്‍.എസ്.അബ്ബാസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരങ്ങളില്‍ ഒന്ന് കോട്ടയമായിരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പേ ശ്രദ്ധാകേന്ദ്രമായി കോട്ടയം മാറി. സ്ഥാനാര്‍ത്ഥികളായി മൂന്നു മുന്നണികളും ശക്തരെ അണിനിരത്തിയതോടെ കോട്ടയത്ത് തീപാറും പോരാട്ടമായി രാഷ്ട്രീയ നിരീക്ഷകരും സര്‍വ്വേ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനെ കളത്തിലിറക്കിയപ്പോള്‍ എന്‍ഡിഎ കേരളാ കോണ്‍ഗ്രസിന്റെ ലേബലില്‍ പി.സി തോമസിനെ എത്തിച്ചു.
ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എ കേരളാ കോണ്‍ഗ്രസ് (എം)ലെ തോമസ് ചാഴികാടനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസിന്റെ ഈറ്റില്ല ഭൂമികയില്‍ അഭിമാന പോരാട്ടമാണ് തോമസ് ചാഴികാടന്റേത്. യുഡിഎഫിന്റെ കോട്ടയം കോട്ട കാക്കാന്‍ തോമസ് ചാഴികാടന്‍ യോഗ്യനെന്ന് തെളിയിക്കുന്ന നിഷ്‌കളങ്ക വ്യക്തിത്വവും എളിമയും കൈമുതലായുണ്ട് . മുമ്പ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തെ നാല് തവണ നിയമസഭയില്‍ പ്രതിനിധികരിച്ച തോമസ് ചാഴികാടന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ തന്നെയാണ് നിലകൊണ്ടിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളോട് പ്രതികരിക്കുന്ന അനൂലമായ രാഷ്ട്രീയ സഹചര്യം യുഡിഎഫിന് വിജയസാധ്യതയേറെയാണ്.
വൈക്കം, ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ മാത്രമാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിനെ തുണച്ചത്. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ മറ്റു നിയമസഭാ മണ്ഡലങ്ങളായ പിറവം, കടുത്തുരുത്തി, പാലാ, പുതുപ്പള്ളി, കോട്ടയം എന്നിവ യുഡിഎഫിന്റെ ഉറച്ച ഉരുക്ക് കോട്ട തന്നെ.
ഒന്നാം ലോക്‌സഭയിലേക്കു കോട്ടയത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ടതു കോണ്‍ഗ്രസിലെ സി.പി. മാത്യുവായിരുന്നു. അന്നു നേരിട്ടുള്ള മത്സരത്തില്‍ സി.പി.ഐയിലെ വര്‍ക്കി ശാന്തിസ്ഥാനെ 56,347 വോട്ടിനു പരാജയപ്പെടുത്തിയായിരുന്നു വിജയം. 1957 ലും 1962 ലും എം. മാത്യു മണിയങ്ങാടന്‍ (കോണ്‍ഗ്രസ്), 1967 കെ.എം. ഏബ്രഹാം (സി.പി.എം.), 1971 വര്‍ക്കി ജോര്‍ജ് (കേരള കോണ്‍ഗ്രസ്), 1977 ലും 1980 ലും സ്‌കറിയ തോമസ് (കേരള കോണ്‍ഗ്രസ്), 1984 സുരേഷ് കുറുപ്പ് (സി.പി.എം.), 1989 ലും 1991 ലും 1996 ലും രമേശ് ചെന്നിത്തല (കോണ്‍ഗ്രസ്), 1998 ലും 1999 ലും 2004 ലും സുരേഷ് കുറുപ്പ് (സി.പി.എം.), 2009 ലും 2014 ലും ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) എന്നിവരെ കോട്ടയം തെരഞ്ഞെടുത്തു.
ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത് കേരളാകോണ്‍ഗ്രസ് സ്ഥാപക നേതാവ് പിടി ചാക്കോയുടെ മകന്‍ കേരള കോണ്‍ഗ്രസ് (തോമസ്) വിഭാഗം നേതാവ് പി.സി തോമസിനെയാണ്. മുമ്പ് എം പിയായും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള പി .സി തോമസ് കോട്ടയത്ത് പിതാവിനോടുള്ള ആദരവും വ്യക്തി ബന്ധങ്ങളും വോട്ടാക്കി മാറ്റാനുള്ള ശ്രമമായിരിക്കും നടത്തുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സ്വാധീനം ഉണ്ടാക്കുവാന്‍ ബിഡിജെഎസിന്റെ സഹായത്തോടെ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ബി ഡി ജെ എസ് വോട്ടുകള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവനിലേക്ക് പോകാന്‍ സാധ്യതയുണ്ട്.
കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് രണ്ടാം തവണയാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിക്കെതിരെ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യു കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) പ്രതിനിധിയായിരുന്നു. തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസുകളുടെ മത്സരത്തിനു കോട്ടയം വീണ്ടും വേദിയായിരിക്കുകയാണ്.
നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കോട്ടയം ഏതുവിധേനയും നിലനിര്‍ത്താനുള്ള ശ്രമമാണ് ചാഴികാടനെ മുന്‍നിറുത്തി കെഎം മാണി നടത്തുന്നത്. ജോസ് കെ മാണി സിപിഎമ്മിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലം വിട്ടുകൊടുക്കാതിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ബാബു ചാഴികാടന്റെ അപ്രതീക്ഷിത മരണം മൂലമുണ്ടായ പ്രതിസന്ധിയില്‍ കെ.എം. മാണി രംഗത്തിറക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ബാങ്കുദ്യോഗസ്ഥനുമായിരുന്ന തോമസ് ചാഴികാടന്‍ ഇത്തവണ ജനവിധി തേടുമ്പോള്‍ വിജയം ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയാണ് .
2009ല്‍ മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തി പാലാ കോട്ടയത്തേക്ക് ചേര്‍ന്നതോടെ കേരളാ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. ഇത് ഇത്തവണയും തുടരുമെന്നും വിജയം ആവര്‍ത്തിക്കുമെന്നുമാണ് പാര്‍ട്ടി മുന്നണി നേതൃത്വങ്ങള്‍ കരുതുന്നത്. ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുന്‍നിര നേതാക്കളുടെ തട്ടകമായ കോട്ടയത്ത് വിജയക്കൊടി പാറിക്കാമെന്നുള്ള ഉത്തമ വിശ്വാസത്തിലാണ് യുഡിഎഫ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: