ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 48 മണിക്കൂര്‍ നേരത്തേക്ക് അതീവജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ബുധനാഴ്ച രാത്രിയുണ്ടായ പൊടിക്കാറ്റ് കനത്ത നാശം വിതച്ചത്. നൂറിലേറെ പേരാണ് ഈ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം മരിച്ചത്. 200ലധികം പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ നാലു ജില്ലകളെ പൊടിക്കാറ്റ് പൂര്‍ണമായും വിഴുങ്ങി. ആഗ്ര ജില്ലയില്‍ മാത്രം 36 പേര്‍ മരിച്ചു. ബിജ്‌നോറില്‍ മൂന്നുപേരും സഹാറന്‍പൂരില്‍ രണ്ടുപേരും ബറേലി, ചിത്രകൂട്, റായ്ബറേലി, ഉന്നാവോ ജില്ലകളില്‍ ഒരോരുത്തരും മരിച്ചു. ഇതുള്‍പ്പെടെ 73 പേരാണ് ഉത്തര്‍പ്രദേശില്‍ ദുരന്തത്തില്‍ മരിച്ചത്. ശ്വാസകോശത്തില്‍ പൊടി കടന്നതിനെതുടര്‍ന്ന് നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. ദോല്‍പൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ഏതാനും പേരെ ജെയ്പൂരിലേക്ക് മാറ്റിയതായി ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ഹേമന്ത് കുമര്‍ ഗരെ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വീണ്ടും കാറ്റിനു സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബിജ്‌നോര്‍, ബറേലി, ഷഹാറന്‍പൂര്‍, പിലിബിത്ത്, ഫിറോസാബാദ്, ചിത്രകൂട്, മുസഫര്‍നഗര്‍, റായ്ബറേലി, ഉന്നാവോ ജില്ലകളില്‍ പൊടിക്കാറ്റ് വിശീ. തലേദിവസം ഈ ജില്ലകളില്‍ 45 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. അന്തരീക്ഷ താപനില ക്രമാധീതമായി ഉയര്‍ന്നതാണ് രൂക്ഷമായ പൊടിക്കാറ്റിന് വഴിയൊരുക്കിയതെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിശദീകരണം. ശക്തമായ ചുഴലിക്കാറ്റില്‍ അന്തരീക്ഷം മുഴുവന്‍ പൊടിപടലങ്ങള്‍ കൊണ്ട് മൂടിയതിനൊപ്പം മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തി. ഇതോടെ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. 15ഓളം വിമാന സര്‍വീസുകളും റദ്ദാക്കി. വൈദ്യുതി ബന്ധം അറ്റതിനെതുടര്‍ന്ന് പല പ്രദേശങ്ങളിലും ഇരുട്ടിലായി. രാജസ്ഥാന്റെ കിഴക്കന്‍ ജില്ലകളായ ആള്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് നാശം വിതച്ചത്.