പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്‌പുർ എക്സ്പ്രസിനും (16528/16527) തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണുർ – കണ്ണൂർ മെമു എക്സ്പ്രസിനും (06023/06024) പുതിയ സ്റ്റോപ്പ് അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും (16630/16629) തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും (16604) സ്റ്റോപ്പ് പുനസ്ഥാപിച്ചും റെയിൽവേ മന്ത്രാലയം ഉത്തരവായതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
യശ്വന്ത്‌പുർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. എം. പി പല തവണ റെയിൽവേ മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു .കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് എല്ലാദിവസവും ഉള്ള ഈ ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിച്ചത് ബാംഗ്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് വലിയ ഉപകാരമാകും .
കോവിഡ് കാലത്താണ് മലബാർ എക്സ്പ്രസിന്റെ കുറ്റിപ്പുറത്തെ സ്റ്റോപ്പും, മാവേലി എക്സ്പ്രസിന്റെ തിരൂരിലെ സ്റ്റോപ്പും എടുത്തു കളഞ്ഞത്. എം.പിയുടെ നിരന്തര ഇടപെടൽ മൂലമാണ് സ്റ്റോപ്പുകൾ പുനസ്ഥാപിച്ചത്.
ഷൊർണുർ – കണ്ണൂർ സർവീസ് ആരംഭിച്ച സമയത്ത് തിരുന്നാവായ ഒഴികെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിരുന്നു. തിരുനാവായയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന കാര്യം എം
പി റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത യോഗത്തിലും ആവശ്യപ്പെട്ടിരുന്നു.
യശ്വന്തപുർ എക്സ്പ്രസ് ഓഗസ്റ്റ് 15 മുതലും മെമുവും മലബാർ എക്സ്പ്രസും ഓഗസ്റ്റ് 16 മുതലും മാവേലി എക്സ്പ്രസ് 18 മുതലും അതതു സ്റ്റോപ്പുകളിൽ നിർത്തി തുടങ്ങും.