പെരിന്തൽമണ്ണ: പരിയാപുരത്ത് ഡീസൽ കണ്ടെത്തിയ ആറ് കിണറുകളിലെയും വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശം. ഈ കിണറുകൾക്ക് തൊട്ടടുത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കാതിരുന്നാൽ ഡീസൽ വ്യാപനം കുറക്കാനാകുമെന്നും ഉദ്യോഗസ്ഥർ ജനങ്ങളെ അറിയിച്ചു.
ജലത്തിൽ വളരെ ചെറിയ അളവിൽ പോലും ഡീസലിന്റെ അംശമുണ്ടെങ്കിൽ മണവും രുചി വ്യത്യാസവും ഉണ്ടാകും. വെള്ളത്തിന് മുകളിൽ ഡീസലിന്റെ പാടയും പ്രത്യക്ഷപ്പെടും. ഇങ്ങനെയുണ്ടെങ്കിൽ മാത്രം വെള്ളം ഉപയോഗിക്കരുതെന്ന് ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കി. നാട്ടുകാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.