മുംബൈ: ദലിതരുടെ വീടുകളില്‍ പോയി ഭക്ഷണം കഴിച്ച് ബി.ജെ.പി നടത്തുന്ന ‘നാടകം’ അവസാനിപ്പിക്കണമെന്ന് ആര്‍. എസ്. എസ് മേധാവി മോഹന്‍ ഭാഗവത്. ബി.ജെ.പി നേതാക്കള്‍ ദലിതരെ സ്വന്തം വീടുകളിലേക്കു ക്ഷണിക്കണമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. മുംബൈയില്‍ ദലിത് വിഭാഗക്കാര്‍ക്കായി ആര്‍. എസ്.എസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ബി.ജെ.പിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ഭാഗവത് രംഗത്തെത്തിയത്.
ഇത്തരം നാടകങ്ങള്‍ക്കു പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനാകൂ. ദലിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതുകൊണ്ടു മാത്രമായില്ല. ദലിതരെ നമ്മുടെ വീടുകളിലേക്കും ക്ഷണിക്കണം. അഷ്ടമി നാളില്‍ ദലിത് പെണ്‍കുട്ടികളുടെ വീട്ടില്‍ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാല്‍, നമ്മുടെ പെണ്‍മക്കളെ ദലിതരുടെ ഭവനങ്ങളിലേക്ക് അയക്കാന്‍ നാം സന്നദ്ധരാകുമോ?. ഇത്തരം നാടകങ്ങള്‍ക്കു പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനാകൂ-ഭാഗവത് പറഞ്ഞു.
ദലിത് വിഭാഗക്കാരെ ബി. ജെ.പിയിലേക്ക് ആകര്‍ഷിക്കാനായി ‘ഗ്രാമ സ്വരാജ് അഭിയാന്‍’ പദ്ധതി കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതി പ്രകാരം എല്ലാ ബി.ജെ. പി മന്ത്രിമാരും എം.പിമാരും 50 ശതമാനത്തിനു മുകളില്‍ ദലിത് ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കണം. ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഈ ഭക്ഷണ നാടകത്തില്‍ പങ്കാളിയായിരുന്നു.
ബി.ജെ.പിയുടെ ഈ നാടകത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ ദലിത് വിഭാഗക്കാരുടെ അപകര്‍ഷതാബോധം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ എന്നും തെരഞ്ഞെടുപ്പില്‍ ഒരു നേട്ടവും ഉണ്ടാകില്ലെന്നും ബി.ജെ.പി എം.പി ഉദിത് രാജിന്റെ പ്രതികരണം. ഇതിനിടെ ദലിത് ഭവനത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി സുരേഷ് റാണ വീട്ടില്‍നിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുവന്നതു വലിയ വിവാദമായിരുന്നു. ഇതിനുപുറമെ ദലിതരെ ശുദ്ധീകരിക്കാന്‍ ശ്രീരാമനുപോലും കഴിയില്ലെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമാഭാരതി രംഗത്തെത്തിയതും ബി.ജെ.പിക്ക് ഇരുട്ടടിയായി. രാജ്യത്ത് ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കുമെതിരെ സംഘപരിവാര്‍ ആക്രമണം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ജാള്യത മറക്കാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തല്‍.