X

നില്‍ക്കണോ, അതോ പോണോ?

മെല്‍ബണ്‍:17 നാണ് സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം നോവാക് ദ്യോക്യോവിച്ച് കളിക്കുമോ എന്നുറപ്പില്ല. അദ്ദേഹത്തെ ഉള്‍പ്പെടുത്തി ഫിക്‌സ്ച്ചര്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ സെര്‍ബുകാരന്റെ വിസയുമായി ബന്ധപ്പെട്ട് ഇപ്പോഴും ഓസ്‌ട്രേലിയന്‍ കുടിയേറ്റ മന്ത്രിയുടെ കൈവശമാണ് അന്തിമ തീരുമാനം.

പത്ത് ദിവസമായി ദ്യോക്യോ മെല്‍ബണില്‍ എത്തിയിട്ട്. തുടക്കത്തില്‍ വിസ നിഷേധിക്കപ്പെട്ടപ്പോള്‍ കോടതി കയറി. നിയമപീഠം അനുകൂലമായപ്പോള്‍ സര്‍ക്കാരിന് അത് തിരിച്ചടിയായി. കഴിഞ്ഞ ദിവസം മെല്‍ബണ്‍ പാര്‍ക്കില്‍ ദ്യോക്യോ പരിശീലനത്തിനുമെത്തി. എന്നാല്‍ വിസ അപേക്ഷയില്‍ താന്‍ നല്‍കിയ വിശദീകരണത്തില്‍ ചില പിഴവുകള്‍ സംഭവിച്ചതായി ദ്യോക്യോ തന്നെ സാമുഹ്യ മാധ്യമങ്ങളിലുടെ തുറന്ന് പറഞ്ഞത് വിനയാവാനാണ് സാധ്യതകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എവിടെയെല്ലാം സന്ദര്‍ശിച്ചു എന്ന ചോദ്യത്തിന് ഒരു രാജ്യത്തും പോയിട്ടില്ല എന്ന മറുപടിയാണ് താരം നല്‍കിയത്. എന്നാല്‍ അദ്ദേഹം പല രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇത് കൂടാതെ കോവിഡ് വന്നതിന് ശേഷം മാസ്‌ക്ക് പോലും അണിയാതെ ദ്യോക്യോവിച്ച് പൊതു പരിപാടിയില്‍ പങ്കെടുത്ത കാര്യവും പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ വിസ റദ്ദാക്കാന്‍ ഓസീസ് കുടിയേറ്റ മന്ത്രി തീരുമാനിച്ചാല്‍ താരം പുറത്താവുമെന്ന് മാത്രമല്ല മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ കടക്കാനുമാവില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒമ്പത് തവണ കിരീടം നേടിയ താരത്തിന് ഇത്തവണ കിരീടം നേടാനായാല്‍ ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളില്‍ റെക്കോര്‍ഡും സ്വന്തമാക്കാം. ഫിക്‌സ്ച്ചര്‍ പ്രകാരം ദ്യോക്യോവിച്ചിന്റെ ആദ്യ റൗണ്ട് പ്രതിയോഗി സ്വന്തം നാട്ടുകാരനായ മിയോമിര്‍ കെസ്മനോവിച്ചാണ്.

ദ്യോക്യോവിച്ചിന്റെ എന്‍ട്രിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവ വികാസങ്ങള്‍ക്കാണ് കഴിഞ്ഞ ഒരാഴ്ച്ചയായി സംഭവിച്ചത്. തുടക്കത്തില്‍ ടെന്നിസ് ഓസ്‌ട്രേലിയ ദ്യോക്യോവിച്ചിന്റെ വരവിന് അനുകൂലമായിരുന്നു. എന്നാല്‍ ഒരു തവണ പോലും വാക്‌സിന്‍ ചെയ്യാത്ത താരത്തിന് പ്രത്യേക അനുമതി നല്‍കുന്നതിനെതിരെ ഓസ്‌ട്രേലിയക്കാര്‍ രംഗത്ത് വന്നതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപ്പെട്ടു. വിസ നിയമവിരുദ്ധമാണെങ്കില്‍ രാജ്യത്ത് പ്രവേശിക്കാന്‍ ദ്യോക്യോവിച്ചിന് കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. വിസ പരിശോധനയില്‍ അദ്ദേഹം പിടിക്കപ്പെട്ടു. അങ്ങനെ ഹോട്ടല്‍ കസ്റ്റഡിയിലായി. പക്ഷേ നാട്ടിലേക്ക് മടങ്ങാതെ ദ്യോക്യോവിച്ച് കോടതിയെ സമീപിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. കോടതി വിധി താരത്തിന് അനുകൂലമായതും തികച്ചും അപ്രതീക്ഷിതമായി. ഇനിയിപ്പോള്‍ അന്തിമ തീരുമാനമാണ് വരേണ്ടത്.

 

Test User: