ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിനെതിരെ ദുര്‍മന്ത്രവാദ പ്രയോഗം നടത്തിയതിലൂടെ നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തിന്റെ അന്തസ്സ് നശിപ്പിക്കുകയാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തെ പരിഹസിച്ച് മോദി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
നിരാശയില്‍ മുങ്ങിയ ചിലര്‍ കറുത്ത വസ്ത്രം ധരിച്ച് ക്ഷുദ്രപ്രയോഗം നടത്തുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ നിരാശയുടെ കാലഘട്ടം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഇത്തരക്കാര്‍ കരുതുന്നതെന്നും മോദി പരിസഹിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ മറച്ചുവെക്കാനാണ് മോദി കോണ്‍ഗ്രസ്സിനെ പരിഹസിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിക്ക് രാജ്യത്തെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രിപദം അലങ്കരിക്കാന്‍ അവകാശമില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മോദി തന്റെ കറുത്ത ഇടപാടുകള്‍ മറച്ചുവെക്കാന്‍ ദുര്‍മന്ത്രവാദമുള്‍പ്പെടെ കാര്യങ്ങളെ കൂട്ടുപിടിച്ച് പുകമറ സൃഷ്ടിക്കുകയും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.