X
    Categories: indiaNews

മദ്യപാനം നിര്‍ത്തൂ,കഞ്ചാവ് ഉപയോഗിക്കൂ: ബി.ജെ.പി എം.എല്‍.എ വിവാദത്തില്‍

റായ്പുര്‍: സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പുതിയ നിര്‍ദേശവുമായി ബി.ജെ.പി എം.എല്‍.എ. മദ്യപാനം നിര്‍ത്തി കഞ്ചാവ് ഭാംഗ് പോലുള്ള ലഹരിയിലേക്ക് തിരിയണമെന്നാണ് എം.എല്‍.എ പറയുന്നത്. ചത്തീസ്ഗഡിലെ ഗൗരേലപേന്ദ്രമര്‍വാഹി ജില്ലയില്‍ ഒരു പരിപാടിക്കിടെയാണ് എം.എല്‍.എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ദി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

മസ്തൂരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം. എല്‍. എയാണ് ബന്ദി. കഞ്ചാവിന്റെ നിരവധി ഗുണങ്ങളും എം.എല്‍.എ വെളിപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചാല്‍ മദ്യപാനാസക്തി കുറയുമെന്നാണ് എം.എല്‍.എ പറയുന്നത്. മദ്യപാനാസക്തി കുറക്കാന്‍ യുവാക്കള്‍ കഞ്ചാവും ഭാംഗും ഉപയോഗിക്കണം. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ മദ്യം ഉപയോഗിക്കുന്നവരേപ്പോലെ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ലെന്നും എം.എല്‍. എ വ്യക്തമാക്കി. ഇത്തരമൊരു കാര്യം താന്‍ നേരത്തേ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.

മദ്യപാനത്തെപറ്റി പഠിക്കാന്‍ ചത്തീസ്ഗഡ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഇത്തരം പുരോഗമന കാര്യങ്ങളെപറ്റി പഠിക്കണമെന്നും കൃഷ്ണമൂര്‍ത്തി ബന്ദി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രസ്താവനക്കെതിരേ ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തി. തങ്ങളുടെ ഒരു ജനപ്രതിനിധിക്ക് എങ്ങനെ മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി ഉത്തരം പറയേണ്ടിവരുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Chandrika Web: