ഗാന്ധിനഗര്‍: പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും ക്ഷേമം വരുമെന്നും ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. 22 കാരനായ മുഹമ്മദ് അമീനിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും കന്നുകാലികളെ കടത്തിയെന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പതിനാറോളം പശുക്കളെ കടത്തിയെന്ന പേരിലാണ് 2020 ല്‍ മുഹമ്മദ് അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പശുവിന്റെ ഒരു തുള്ളി രക്തം പോലും വീണിട്ടില്ലെങ്കില്‍ ഭൂമിയില്‍ ക്ഷേമം വര്‍ധിക്കുമെന്നാണ് ജഡ്ജിയുടെ നിരീക്ഷണം. സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിമുറിയിലെ ജഡ്ജിയുടെ പരാമര്‍ശം. ‘പശുക്കള്‍ക്ക് വംശനാശം സംഭവിച്ചാല്‍, പ്രപഞ്ചവും ഇല്ലാതാകും, വേദങ്ങളുടെ ഉത്ഭവം പശുക്കള്‍ ഉള്ളതിനാലാണ്’ എന്നാണ് കോടതി പറഞ്ഞത്.
‘പശുക്കള്‍ സന്തുഷ്ടരാകുന്നിടത്ത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാവുന്നു. പശുക്കള്‍ അസന്തുഷ്ടരായി തുടരുന്നിടത്ത് ഇവ രണ്ടും ഇല്ലാതാവും. പശു രുദ്രയുടെ അമ്മയും വസുവിന്റെ മകളും അദിതിപുത്രന്മാരുടെ സഹോദരിയും ധ്രുവ് രൂപ്അമൃതിന്റെ നിധിയുമാണ്.’ സംസ്‌കൃതം ശ്ലോകം ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
കന്നുകാലി കടത്തും കശാപ്പും ഓര്‍മ്മിച്ചുകൊണ്ട് ‘പശു ഒരു മൃഗം മാത്രമല്ല, അമ്മയാണ്’ എന്നും കോടതി പറഞ്ഞു. ‘അതിനാലാണ് പശുവിന് അമ്മയുടെ പേര് നല്‍കിയിരിക്കുന്നത്. പശുവിനേക്കാള്‍ ഹിതകരമായ മറ്റൊന്നില്ല. 68 കോടി പുണ്യസ്ഥലങ്ങളുടെയും മുപ്പത്തിമുക്കോടി ദേവന്മാരുടെയും ജീവനുള്ള ഗ്രഹമാണ് പശു. പശുവിന്റെ ഒരു തുള്ളി രക്തം ഭൂമിയില്‍ വീഴാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയും ഭൂമിയില്‍ ക്ഷേമം ഉണ്ടാവുകയും ചെയ്യും. പശു സംരക്ഷണത്തെക്കുറിച്ചും പശുവളര്‍ത്തലിനെക്കുറിച്ചും ധാരാളം ചര്‍ച്ചകളുണ്ട്. പക്ഷേ അത് പ്രായോഗികമാക്കുന്നില്ല.’ എന്നും കോടതി നിരീക്ഷിച്ചു.