ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരും വിഷയത്തില്‍ പ്രതികരിക്കാത്തതിനെതിരെ രൂക്ഷമായാണ് രാഹുല്‍ പ്രതികരിച്ചത്. നീരവ് മോദി 11,360 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഇരുവരും വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെപ്പോലെ പെരുമാറുന്നത് അവസാനിപ്പിക്കൂ, തുറന്ന് സംസാരിക്കൂ എന്നാണ് രാഹുലിന്റെ ട്വീറ്റ്.
‘ഉയര്‍ന്ന തലത്തിലുള്ള’ സംരക്ഷണം നല്‍കാതെ ഇത്രയും വലിയ തട്ടിപ്പു നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ സംബന്ധമായ സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടണമെന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ മോദി സമയം കണ്ടെത്തുന്നു. നീരവ് മോദിയെ പിടികൂടാന്‍ എന്തൊക്കെ ചെയ്‌തെന്നു രാജ്യത്തോടു വിശദീകരിക്കാന്‍ സമയം കണ്ടെത്തുന്നില്ല. ഇന്ത്യയിലെ ബാങ്കിങ് സംവിധാനം സുരക്ഷിതമാക്കാന്‍ എന്തൊക്കെ കാര്യങ്ങളാണു നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കണമെന്ന് ശനിയാഴ്ച രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ പ്രസ്താവനയാണ് സമൂഹമാധ്യമമായ ട്വിറ്ററിലൂടെ ഇന്നലെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്.
രാഹുലിന് പിന്നാലെ മമത ബാനര്‍ജിയും മോദിയെ കടന്നാക്രമിച്ച് രംഗത്തെത്തി. നോട്ട് അസാധുവാക്കലിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പറഞ്ഞ മമത മുഴുവന്‍ സത്യവും പുറത്തു വരട്ടെയെന്നും ട്വീറ്റ് ചെയ്തു. 2014ല്‍ അധികാരത്തിലെത്തിയ ശേഷം വന്‍ വ്യവസായികളുടെ കടം മോദി വീട്ടുന്നത് ഇങ്ങനെയാണെന്ന് ജനങ്ങളെ അറിയിക്കാന്‍ നേതാക്കന്‍മാരോട് മമത ആവശ്യപ്പെട്ടു.