പരീക്ഷണയോട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസിനുനേരേ കല്ലേറ്. ഛത്തീസ്ഗഢിലെ ഭാഗ്ബഹറ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് വെള്ളിയാഴ്ച രാവിലെ കല്ലേറുണ്ടായത്. സംഭവത്തില്‍ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാഗ്ബഹറ സ്വദേശികളായ ശിവകുമാര്‍ ഭാഗേല്‍, ദേവേന്ദ്രകുമാര്‍, ജീത്തു പാണ്ഡെ, സോന്‍വാനി, അര്‍ജുന്‍ യാദവ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ ട്രെയിനിലെ മൂന്ന് കോച്ചുകളിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരേയാണ് ആക്രമണമുണ്ടായത്. ഛത്തീസ്ഗഢിലെ ദുര്‍ഗില്‍നിന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തേക്കാണ് പുതിയ സര്‍വീസ്. പരീക്ഷണയോട്ടത്തിനിടെ വിശാഖപട്ടണത്തുനിന്ന് ദുര്‍ഗിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനിന് നേരേ കല്ലേറുണ്ടായത്.
വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസിന് പുറമേ രാജ്യത്തെ ആദ്യ വന്ദേമെട്രോ സര്‍വീസും 20 കോച്ചുകളുള്ള ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസും തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും. ഗുജറാത്തിലെ ഭുജില്‍നിന്ന് അഹമ്മദാബാദിലേക്കാണ് രാജ്യത്തെ ആദ്യ വന്ദേമെട്രോ സര്‍വീസ്.
ഇരുപത് കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസ് വാരാണസി-ഡല്‍ഹി റൂട്ടിലും സര്‍വീസ് നടത്തും. ഇതിനൊപ്പം ടാറ്റാനഗര്‍-പട്ന, നാഗ്പുര്‍-സെക്കന്തരാബാദ്, കോലാപ്പൂര്‍-പുണെ, ആഗ്ര കാന്റ്-ബനാറസ്, പുണെ-ഹുബ്ബള്ളി റൂട്ടുകളിലും പുതിയ വന്ദേഭാരത് ട്രെയിനുകള്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും.