X

‘കല്ലെറിഞ്ഞ്’ സി.പി.എമ്മും സി.പി.ഐയും

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിലായതോടെ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം നിര്‍ണായകം. ജനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സര്‍വേ നിര്‍ത്തിവെക്കാന്‍ സി.പി.ഐ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രകാശ് ബാബുവിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത് ‘കല്ലിടല്‍ രാഷ്ട്രീയത്തില്‍’ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത പുറത്തുവരാന്‍ ഇടയാക്കി. സി.പി.ഐ പറയുന്നതുപോലെ കല്ലിടലില്‍ അവ്യക്തതയില്ലെന്നാണ് കോടിയേരി പ്രതികരിച്ചത്. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി. ഐക്ക് തിര്‍പ്പുണ്ടെങ്കില്‍ അതു പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രനാണെന്നും മറ്റാരെങ്കിലും പറയുന്നത് കാര്യമാക്കുന്നില്ലെന്നുമാണ് കോടിയേരിയുടെ നിലപാട്.

പദ്ധതിയെ സി.പി.ഐ പ്രത്യക്ഷമായി തന്നെ എതിര്‍ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രകാശ് ബാബുവിന്റെ പ്രസ്താവനയും സി.പി.ഐ നേതാവായ റവന്യൂമന്ത്രി കെ. രാജന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നതും സി.പി.എമ്മിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നു. ജനത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയും ധൃതിപിടിച്ച് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.
അതേസമയം ഇക്കാര്യത്തില്‍ സി.പി.ഐക്കുള്ളില്‍ രണ്ടഭിപ്രായമുള്ളതായും വിവരങ്ങള്‍ പുറത്തുവരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിയെ എതിര്‍ത്ത കാനം പിന്നീട് നിലപാട് മയപ്പെടുത്തിയതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പ്രകാശ് ബാബുവും പന്ന്യന്‍ രവീന്ദ്രനും അടക്കമുള്ള നേതാക്കള്‍ ജനത്തെ പൊലീസ് മര്‍ദിക്കുന്നതിനോട് യോജിക്കുന്നില്ല. പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും ഇവര്‍ പറയുന്നു.

പ്രാദേശിക തലത്തിലും സി.പി.ഐ നേതാക്കള്‍ പദ്ധതിയെ പരസ്യമായി എതിര്‍ക്കുന്നു. നാട്ടുകാര്‍ക്കൊപ്പം സി.പി.ഐ നേതാക്കളും ഇടതുസഹയാത്രികളും പ്രതിഷേധത്തില്‍ അണിനിരക്കുന്നത് എല്‍.ഡി.എഫിന് ഇനിയും ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. താഴേത്തട്ടില്‍ നിന്നുള്ള നേതാക്കളുടെ വികാരം കണ്ടില്ലെന്ന് നടിക്കാന്‍ സി.പി.ഐക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐയും മറ്റ് ഘടകകക്ഷികളും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടേക്കും.

Chandrika Web: