X

‘കല്ല്’ കണ്ണൂരില്‍ നിന്ന്; ഒന്നിന് ചെലവ് 500 രൂപ

തിരുവനന്തപുരം: സര്‍വേയുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലിന്റെ പിതാവ് തങ്ങളല്ലെന്ന് റവന്യൂവകുപ്പ് പറയുകയും പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാകാതെ കെ റെയില്‍ കമ്പനി ഒഴിഞ്ഞുമാറുകയും ചെയ്യുന്നതിനിടെ കല്ലിന്റെ കഥ പുറത്ത്.

കണ്ണൂരിലെ ഏച്ചൂരിലാണ് സര്‍വ്വേ കല്ലുകള്‍ നിര്‍മ്മിക്കുന്നത്. 500 രൂപയോളമാണ് ഒരു കുറ്റിയുടെ ചെലവ്. ആറായിരത്തോളം മഞ്ഞ കല്ലുകളാണ് നാട്ടാനായി ഇതുവരെ നിര്‍മ്മിച്ചത്. ഏച്ചൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിനാണ് നിര്‍മ്മാണ ചുമതല നല്‍കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ കെ റെയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം. എന്നാലിപ്പോള്‍ അങ്ങനെയല്ല. ഏത് മാനദണ്ഡ പ്രകാരമാണ് സ്വകാര്യ കമ്പനിക്ക് കല്ല് രൂപകല്‍പന ചെയ്യാനുള്ള ചുമതല നല്‍കിയതെന്ന് വ്യക്തമല്ല. റവന്യൂവകുപ്പാണോ കെ റെയില്‍ കമ്പനിയാണോ ഇവര്‍ക്ക് പണം നല്‍കുന്നതെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

സര്‍വ്വേ കല്ലിന്റെ വലിപ്പവും വീതിയും ഉദ്യോഗസ്ഥരാണ് പറഞ്ഞുകൊടുത്തത്. ഏകദേശം 1500 കുറ്റികള്‍ ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാട്ടാനായി കൊണ്ടുപോയിട്ടുണ്ട്. കുഴിച്ചിട്ട സര്‍വ്വേ കല്ലുകളില്‍ ഭൂരിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാര്‍ പിഴുത് കളഞ്ഞിട്ടുമുണ്ട്. കല്ല് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നതില്‍ തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. കല്ലിടുന്നത് റവന്യൂ വകുപ്പാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന കെറെയില്‍ അധികൃതരുടേതായി പുറത്തുവന്ന വാര്‍ത്ത റവന്യൂ മന്ത്രി കെ. രാജന്‍ തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്.

Test User: