പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാനപരമായ ഉത്തരവാദിത്തം. അതിനുപോലും സാധിക്കാത്തവിധം ഇന്ത്യയിലെ സാമൂഹികരംഗമാകെ വലിയവെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിനുപുറമെയാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന, രാജ്യം ഇതുവരെയും കണ്ടിട്ടില്ലാത്തവിധമുള്ള പണപ്പെരുപ്പവും വിലക്കയറ്റവും.
കോവിഡാനന്തര മാന്ദ്യവും റഷ്യ-യുക്രെയിന്‍ യുദ്ധവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുമൊക്കെയാണ് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും കാരണമെന്ന് പറയുമ്പോഴും ഭരണകൂടങ്ങള്‍ ജനങ്ങളുടെ തലയില്‍ കൂടുതല്‍ കൂടുതല്‍ ബാധ്യത കയറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ചരക്കു സേവന നികുതി വീണ്ടും വര്‍ധിപ്പിക്കാനുള്ള തീരുമാനം. കഴിഞ്ഞദിവസമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ ഇതുസംബന്ധിച്ച കത്ത് ലഭിച്ചത്. അതില്‍പറയുന്നതനുസരിച്ചാണെങ്കില്‍ വരാനിരിക്കുന്നത് ഇതിലും വലിയ വിലക്കയറ്റമായിരിക്കുമെന്നാണ്. 143 വസ്തുക്കളുടെ ചരക്കുസേവന നികുതിയാണ് 18 ശതമാനത്തില്‍നിന്ന് 28 ശതമാനമായി ഒറ്റയടിക്ക് വര്‍ധിപ്പിക്കാന്‍ കൗണ്‍സില്‍ അനുമതി തേടിയിരിക്കുന്നത്. നിലവില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കുത്തനെയുള്ള വില വര്‍ധനവ്മൂലം ഭക്ഷ്യവസ്തുക്കളുടെയുള്‍പ്പെടെ വിലക്കയറ്റത്തിലേക്ക് രാജ്യത്തെയാകെ വലിച്ചിഴച്ചിരിക്കുകയാണ്. ഇതിന്മേലുള്ള എക്‌സൈസ്, വാറ്റ് നികുതികള്‍ നൂറു ശതമാനത്തിനടുത്താണ്. ഇതുനു പുറമെയാണ് കൂടുതല്‍ ഉപഭോഗവസ്തുക്കളുടെമേല്‍ ജി.എസ്.ടി ഭാരം വര്‍ധിപ്പിക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം.
സാധാരണക്കാരും പ്രത്യേകിച്ച് മധ്യവര്‍ഗവുമാണ് രാജ്യത്തെ ഡിമാന്റ് വര്‍ധിപ്പിക്കുകയും പണം ഇറക്കി സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുകയും ചെയ്യുന്നതെന്നിരിക്കെ അത്തരക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കളിന്മേലാണ് പുതുതായി വിലവര്‍ധിപ്പിക്കുന്ന തരത്തില്‍ 28 ശതമാനത്തിലേക്ക് നികുതി വര്‍ധിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെയും മറ്റും കാര്യത്തില്‍ പരമാവധി നികുതി ഈടാക്കി തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനാണ് എല്ലാഭരണകൂടങ്ങളും ശ്രമിക്കുന്നതെന്നിരിക്കെ പുതിയ നിര്‍ദേശത്തിന്മേലും മറിച്ചൊരഭിപ്രായം പറയാന്‍ സംസ്ഥാന സര്‍ക്കാരുകളാരും മുന്നോട്ടുവരുമെന്ന് കരുതാന്‍ വയ്യ. അതുകൊണ്ടുതന്നെ വസ്ത്രങ്ങള്‍, ചോക്ലേറ്റ്, വാല്‍നട്ട്, ഇടത്തരം ടി.വികള്‍, പവര്‍ബാങ്ക്, ഹാന്‍ജ് ബാഗ്, വാഛ് ബേസിന്‍, സിങ്ക്, ജനല്‍ തുടങ്ങിയവയുടെ ജി.എസ്.ടി 18 ശതമാനത്തില്‍നിന്ന് 28 ശതമാനമാക്കുന്നത് വലിയ ഭാരമാണ് ജനങ്ങളിലും ഇടത്തരം കുടുംബങ്ങളില്‍ വിശേഷിച്ചും ഉണ്ടാക്കുക. 15 കോടിയോളം വരുന്ന ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് ഇടയായ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനം ചെലവ് ചെയ്യുന്നത് കുറക്കുകയും രാജ്യം പ്രതിസന്ധിയിലകപ്പെടുകയും ചെയ്യുമ്പോള്‍തന്നെ ഇത്തരത്തില്‍ പുതിയ നികുതിഭാരം അവരില്‍ അടിച്ചേല്‍പിക്കുന്നത് വിപരീത ഫലമേ ഉളവാക്കൂ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത്രകണ്ട് സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാരുകള്‍ എന്നതായിരിക്കാം അവരതിന് പറയുന്ന കാരണം.
എന്നാല്‍ ഈ വരുമാനമത്രയും ഏതാനും പേര്‍ക്ക് ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കപ്പെടുന്ന സ്ഥിതി പരിതാപകരവും സങ്കടകരവുമാണ്. കേരളത്തിന്റെ റവന്യൂവരുമാനത്തിലെ 80 ശതമാനത്തിലധികം തുക ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുകള്‍ക്കുമായി ചെലവഴിക്കേണ്ടിവരുമ്പോള്‍ അധികമായി ലഭിക്കുന്ന നികുതിവരുമാനവും അതിലേക്ക് തന്നെയാണ് കൂട്ടിച്ചേര്‍ക്കെപ്പെടുക. രാജ്യത്തെ പണപ്പെരുപ്പനിരക്ക് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 3.94 ആയിരുന്നത് ഈവര്‍ഷം അതേമാസം 8.04 ലേക്ക് കുതിച്ചിരിക്കുന്നത് തന്നെ രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത് വ്യക്തമാക്കുന്നു. ഭക്ഷ്യോല്‍പന്നങ്ങളുടെ മാത്രം പണപ്പെരുപ്പം അഥവാ അതുണ്ടാക്കുന്ന വിലക്കയറ്റം 14.5 ശതമാനമാണെന്ന് കഴിഞ്ഞദിവസം കണക്ക് പുറത്തുവരികയുണ്ടായി. തൊട്ടടുത്ത പാകിസ്താന്റെയും ശ്രീലങ്കയുടെയും സാമ്പത്തികാരാജകത്വത്തിലേക്ക് ഇന്ത്യയും നീങ്ങുന്നുവെന്നുവേണം ഇതിലൂടെ അനുമാനിക്കാന്‍. പണപ്പെരുപ്പം പാക്കിസ്താനില്‍ 13 ശതമാനമാണെങ്കില്‍, ലങ്കയില്‍ 21.5 ശതമാനമാണ്. ഇന്ത്യയുടെ 2017 മുതലുള്ള പണപ്പെരുപ്പനിരക്ക് പരിശോധിച്ചാല്‍ നമുക്കും ആശങ്കിക്കാനേറെയുണ്ടുതാനും. 2017മുതല്‍ 3.6, 3.43, 4.76, 6.95 എന്നിങ്ങനെയാണ് നമ്മുടെ വാര്‍ഷിക പണപ്പെരുപ്പനിരക്ക്. അതിനിടെ ഗോതമ്പ് മുതലായവ കയറ്റുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂനിന്മേല്‍കുരുവാകുകയാണ്. ലോക ഭക്ഷ്യ സംഘടനയുടെ കണക്കനുസരിച്ച് വരാനിരിക്കുന്നത് വലിയ മാന്ദ്യത്തിന്റേതാണെന്ന മുന്നറിയിപ്പ് തിരിച്ചറിയാതെയുള്ള നീക്കങ്ങള്‍ വന്‍ കെണിയിലേക്കാകും നമ്മുടെ നാടിനെയും കൊണ്ടെത്തിക്കുക.