കലാപകാരികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരികെ നിക്ഷേപിക്കാന്‍ ഇംഫാലില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിച്ച് പൊലീസ്. മന്ത്രി എല്‍ സുശീല്‍ ദ്രോയുടെ വീടിനു മുന്‍പിലാണ് തോക്കുകള്‍ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്. ഇതിലൂടെ ഒട്ടേറെ തോക്കുകള്‍ തിരികെ ലഭിച്ചതായി പൊലീസ് പറയുന്നു. തോക്ക് മോഷ്ടിച്ചതിന് ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ് തോക്കുകള്‍ തിരികെ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
കലാപത്തിന്റെ ആദ്യ ദിനം 4000 യന്ത്രത്തോപ്പുകളും 5 ലക്ഷത്തിലകം വെടിയുണ്ടകളും പൊലീസ് ട്രെയിനിങ് കോളേജിന്റെ ആയുധ പുരയില്‍ നിന്നും കവര്‍ന്നിരുന്നു.
അതേസമയം കലാപത്തീ അണയാത്ത മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപൂര്‍, ചുരാചാന്ദ്പൂര്‍ ജില്ലകളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ക്വാക്ത മേഖലയില്‍ നിന്നുള്ള മെയ്തികളാണ് കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍. രണ്ട് പേര്‍ കുകി സോ വിഭാഗക്കാരാണ്. അക്രമികള്‍ സൈന്യത്തിന്റെ ബഫര്‍സോണ്‍ കടന്ന് മെയ്തി അധീനമേഖലയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ബിഷ്ണുപൂര്‍ പൊലീസ് വ്യക്തമാക്കി. കുകികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
പ്രദേശത്തെ നിരവധി വീടുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. ചുരാചാന്ദ്പൂരില്‍ കൊല്ലപ്പെട്ട രണ്ട് കുകികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ വന്‍ പ്രതിഷേധവുമായി ബിഷ്ണുപൂരില്‍ മെയ്തി സ്ത്രീകള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കോലം കത്തിച്ചു.
അസം റൈഫിള്‍സ് തിരിച്ചു പോവുക, മണിപ്പൂരിന്റെ അഖണ്ഡത സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി റോഡുകള്‍ ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാര്‍ സൈനിക വാഹനങ്ങളുടെ നീക്കവും തടഞ്ഞു. അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തിയതായായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസിന്റെ ആയുധപ്പുരയില്‍ നിന്ന് എകെ, ഖട്ടക് സീരിസുകളിലുള്ള റൈഫിളുകളും 19,000 ബുള്ളറ്റുകളും തട്ടിയെടുത്തു ബിഷ്ണുപൂര്‍ ജില്ലയില്‍ സായുധ സേനയും മെയ്തി സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്ക് പരുക്കേറ്റതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം.