X

ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതനല്ല; കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ഫിലിപ്പോ ഒസെല്ല

അശ്റഫ് തൂണേരി

ദോഹ: ഒരു കാരണവുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെട്ട താന്‍ ആ അപമാനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്ന് ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും യു.കെയിലെ സസെക്സ് സര്‍വ്വകലാശാല പ്രഫസറുമായ ഫിലിപ്പോ ഒസെല്ല.

ഒരുവേള കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ബ്രൈറ്റനിലെ സസക്സ് സര്‍വ്വകലാശാലാ കാമ്പസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ചന്ദ്രികയ്ക്ക് അനുവദിച്ച വെര്‍ച്വല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.വളരെ പരുഷമായി ഒരു കുറ്റവാളിയോടെന്ന പോലെയാണ് എന്നോട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ദുബൈയിലേക്കുള്ള വിമാനത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് പെട്ടിയില്‍ നിന്ന് രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികയെടുക്കാന്‍ പോലും അനുവദിച്ചില്ല. തിരികെ പോകാനുള്ള വിമാനം അരമണിക്കൂര്‍ മാത്രം ശേഷിക്കേയാണ് ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം. വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്ത മേല്‍വിലാസം ഇല്ലാതാക്കാനാണ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. മാനസികമായി തകര്‍ന്ന അവസ്ഥ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കേരളത്തിലെ ഇടതു-ഐക്യ മുന്നണികളിലെ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഗവേഷകരും നല്‍കുന്ന പിന്തുണയാണ് ഊര്‍ജ്ജം. നിരന്തരം ഇ-മെയിലിലൂടേയും ഫോണ്‍ മുഖേനയും നിരവധി പേര്‍ ഐക്യദാര്‍ഢ്യവുമായെത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഒരു നരവംശശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ചാരവൃത്തി ആരോപിക്കപ്പെടുന്നതിനെക്കാള്‍ ഗുരുതരമായി മറ്റെന്താണുള്ളത്? ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെയാണ് ഇതേവരെ രാജ്യത്തിനകത്ത് എല്ലാ ഗവേഷണവും നടത്തിയിട്ടുള്ളത്. ഔദ്യോഗികവും എല്ലാവിധ തെളിവുകളുമുള്ള വിദേശ യാത്രകളാണ് തന്റേത്. ഗവേഷണത്തിനായി പാക്കിസ്ഥാനില്‍ പോവുകയെന്നതിന് മറ്റു അര്‍ത്ഥങ്ങള്‍ കല്‍പ്പിത കഥകളായി വരികയാണ്. ഇതേവരെ തന്നെ തിരിച്ചയച്ചതിന്റെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല പറയാനാവില്ലെന്നാണ് സൂചിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് പാക്കിസ്ഥാന്‍ ചാരവൃത്തി ആരോപിക്കപ്പെടുന്നുവെന്ന സംശയം ഉന്നയിക്കപ്പെട്ടത്.

കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതമായ അന്വേഷണങ്ങളും പഠനങ്ങളുമാണ് തന്റേത്. തികച്ചും അക്കാദമികമായി 30 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ഗവേഷണം നടത്തുന്നു. ശ്രീനാരായണ ഗുരുവിനെക്കുറിച്ചും ഈഴവ സമൂഹത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ കുട്ടനാട്ടില്‍ താമസിച്ചായിരുന്നു അത് നിര്‍വ്വഹിച്ചത്. 2002 മുതല്‍ 2004 വരെ കോഴിക്കോട് താമസിച്ചാണ് കോഴിക്കോട്ടെ മുസ്ലിം സമൂഹത്തിനിടയിലെ സാമൂഹിക പരിവര്‍ത്തനം വിശദമായി പഠിച്ചതെന്നും ഫിലിപ്പോ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് മടങ്ങാന്‍ കേരളം വിട്ടപ്പോള്‍ എന്റെ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത രണ്ട് പാകിസ്ഥാന്‍ വിസകളെക്കുറിച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അനാവശ്യ ചോദ്യങ്ങളുന്നയിക്കുകയുണ്ടായി. കേരളത്തില്‍ വരുമ്പോഴും പോകുമ്പോഴും ഇതേ ചോദ്യങ്ങള്‍ കേട്ട് മടുത്ത ഞാന്‍ അക്കാദമിക് ആയ ഗവേഷണത്തിനായാണ് പാക്കിസ്ഥാനില്‍ പോയതെന്നും ഒരു സാധാരണ ഗവേഷക വിസയില്‍ ഇന്ത്യയിലേക്ക് വന്നതിനാല്‍ പാക്കിസ്ഥാനില്‍ ഞാന്‍ ചെയ്തതോ ചെയ്യാത്തതോ ഒന്നും നിങ്ങളുടെ കാര്യമല്ലെന്നും ഉദ്യോഗസ്ഥനോട് പറയേണ്ടി വന്നു. അത് ആ ഉദ്യോഗസ്ഥന്‍ എനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. മറ്റൊരു തരത്തില്‍ ആലോചിക്കുമ്പോള്‍ എന്നെ നാടുകടത്തിയത് നന്നായെന്ന് വിചാരിക്കുന്നു. അറസ്റ്റ് ചെയ്തില്ലല്ലോയെന്നാണ് ആശ്വസിക്കുന്നതെന്നും അനവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ ഫിലിപ്പോ വിശദീകരിച്ചു.

Test User: