ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലത്ത് ഏറെ കത്തിനിന്ന വിവാദമായിരുന്നു പിന്‍വാതില്‍ നിമനം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ പുറത്തുനിര്‍ത്തി സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതംവെച്ചു നല്‍കുകയായിരുന്നു. അധികാരത്തിന്റെ അവസാന നാളുകളില്‍ ഇത് മൂര്‍ദ്ധന്യത്തിലെത്തി. പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടംനേടിയിട്ടും ജോലി കിട്ടാതെ അലഞ്ഞ യുവാക്കള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുമ്പോഴും പിന്‍വാതില്‍ നിയമനം നിര്‍ബാധം തുടര്‍ന്നു. റാങ്ക് പട്ടിക അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്നും എത്രയും പെട്ടെന്ന് നിയമനം നടത്തുകയും വേണമെന്ന മിനിമം ആവശ്യമാണ് സമരക്കാര്‍ക്ക് ഉണ്ടായിരുന്നതെങ്കിലും സര്‍ക്കാര്‍ അവരെ ധിക്കാരത്തോടെയാണ്. ഒന്നാം പിണറായി സര്‍ക്കാറില്‍ ആദ്യ രാജിയുണ്ടായതും പിന്‍വാതില്‍ നിയമനത്തിന്റെ പേരിലായിരുന്നു. ബന്ധു നിയമനത്തില്‍ കുടുങ്ങി ഇ.പി ജയരാജനും തുടര്‍ന്ന് കെ.ടി ജലീലും മന്ത്രിസഭയില്‍നിന്ന് പുറത്തുപോയി. ഭരണത്തിന്റെ രണ്ടാമൂഴത്തിലും നിയമന വിവാദങ്ങള്‍ കത്തിനില്‍ക്കുകയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം നേതാക്കളുടെ ഭാര്യമാരുള്‍പ്പെടെയുള്ളവര്‍ക്ക് സര്‍വകലാശാലകളിലും മറ്റ് ഉന്നത സ്ഥാപനങ്ങളിലും ജോലി നല്‍കിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ തിരുകിക്കയറ്റാന്‍ പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
പിന്‍വാതില്‍ നിയമനങ്ങള്‍ പിണറായി സര്‍ക്കാറിന്റെ സ്ഥിരം കലാപരിപാടിയാണെന്ന് കത്ത് തെളിയിക്കുന്നുണ്ട്. 295 ഒഴിവുകളിലാണ് മേയര്‍ ഒറ്റയടിക്ക് സഖാക്കളെക്കൊണ്ട് നിറക്കാന്‍ ശ്രമിച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്തിന്റെ തുടക്കം. കേരളീയ സമൂഹത്തിന്റെ നെഞ്ചിലാണ് ഈ കത്ത് കുത്തിയറങ്ങുന്നത്. സി.പി.എമ്മിന്റെ തനത് ശൈലിപ്രകാരം ആരുമറിയാതെ കൈകാര്യം ചെയ്യേണ്ട വിഷയം പ്രായത്തിന്റെ മൂപ്പു കുറവുകൊണ്ട് മേയറുടെ കൈയില്‍നിന്ന് പിടിവിട്ടെന്ന് മാത്രം. രഹസ്യമായി നടത്തേണ്ട കച്ചവടം കത്തിലൂടെ പരസ്യമാക്കിയതിന് ആര്യയോട് പാര്‍ട്ടിക്ക് കലിപ്പുണ്ട്. സി.പി.എം നേതാക്കളുടെ പ്രസ്താവനകളില്‍ അത് വ്യക്തവുമാണ്. ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വ്യാജമാണെന്ന് പറയാനുള്ള ‘ബുദ്ധി’ ഏതായാലും മേയര്‍ക്കുണ്ട്. വീണിടത്ത് ഉരുണ്ടുമറിഞ്ഞതുകൊണ്ടും രക്ഷപ്പെടാന്‍ സാധിക്കാത്ത പരുവത്തിലാണ് കാര്യങ്ങളെന്ന് മാത്രം. അതുകൊണ്ടായിരിക്കാം പുതിയ പ്രസ്താവനയില്‍ വ്യാജ ആരോപണം എഴുന്നള്ളിക്കാന്‍ ആര്യയും തയാറായിട്ടില്ല. കത്തിന്റെ ആധികാരികത ആനാവൂര്‍ തള്ളിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. സി.പി.എം തിരുവനന്തപുരം ജില്ലാ ഘടകത്തിലെ വിഭാഗീയതയാണ് കത്ത് പുറത്തുവരാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ സി.പി.എമ്മിന് തീറെഴുതിക്കൊടുക്കാന്‍ ഭരണസമിതിയുടെ അണിയറ നീക്കങ്ങള്‍ തെളിയിക്കുന്ന മറ്റൊരു കത്തുകൂടി ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആനാവൂരിന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്‍ അനില്‍ എസ്.എ.ടി ആശുപത്രിയോട് ചേര്‍ന്നുള്ള വിശ്രമ കേന്ദ്രത്തില്‍ നിയമനം നടത്താനുള്ള പാര്‍ട്ടി പട്ടികയാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതായാലും രാജ്യത്തെ പ്രായം കുറഞ്ഞ മേയര്‍ പാര്‍ട്ടിക്ക് കൊടുത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. കാലാവധി പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴേക്ക് കേരളത്തിലെ ഒഴിവുകള്‍ പാര്‍ട്ടിക്കാരെക്കൊണ്ട് നികത്താനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സഹ സഖാക്കളും. അതിനിടെ തട്ടിപ്പുകളില്‍ ചിലത് കയ്യബദ്ധങ്ങളിലൂടെ പുറംലോകത്തേക്ക് വരുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴില്‍ ചോദിച്ച് ഡല്‍ഹിയില്‍ ഡി.വൈ.എഫ്.ഐക്കാര്‍ തൊണ്ട കീറുമ്പോള്‍ തന്നെയാണ് കേരളത്തില്‍ പാര്‍ട്ടിക്കാര്‍ തൊഴില്‍ ലേലം ചെയ്യുന്നത്. അധ്വാനിച്ച് പഠിച്ച് തൊഴിലില്ലാതെ വലയുന്ന അര്‍ഹരായ യുവാക്കള്‍ക്ക് ജോലി കൊടുക്കാന്‍ സി.പി.എം പൊതുവെ താല്‍പര്യം കാട്ടാറില്ല. ഏറ്റവുമൊടുവില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നടത്തിയ കളികള്‍ തൊഴില്‍രഹിതരോടുള്ള സര്‍ക്കാറിന്റെ ധിക്കാരപൂര്‍ണമായ സമീപനത്തിന് തെളിവാണ്. ഇടതുഭരണം കേരളീയര്‍ക്കുള്ളതല്ല. സി.പി.എമ്മിന് ഭരണം പാര്‍ട്ടി കാര്യമാണ്. പാര്‍ട്ടിക്കും നേതാക്കള്‍ക്കും ഗുണം കിട്ടുന്നിടങ്ങളില്‍ മാത്രമേ സര്‍ക്കാറിന് താല്‍പര്യമുള്ളൂ. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് പോലും ഇടത് ഭരണത്തില്‍ ജോലി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ ഉദ്ദേശിച്ചതുപോലെ ചിലതൊക്കെ നടന്നിരുന്നെങ്കില്‍ അവര്‍ക്ക് ഉദ്യോഗക്കയറ്റവും ലഭിക്കുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അനധികൃത നിയമനങ്ങള്‍ക്ക് വേദിയായി. പൊതുജനങ്ങളെ മുഖത്തുനോക്കി വഞ്ചിക്കാന്‍ സി.പി.എമ്മിനുള്ള തൊലിക്കട്ടി അപാരമാണ്. ആര്യയുടെ കത്തുകൊണ്ട് മാത്രം കെട്ടടങ്ങുന്നതല്ല സംസ്ഥാനത്തെ നിയമന വിവാദങ്ങള്‍. പൊതുമേഖലയുടെ മുന്‍വാതില്‍ അടച്ച് പിന്‍വാതില്‍ സഖാക്കള്‍ക്കായി ഇപ്പോഴും തുറന്നുകിടക്കുന്നുണ്ട്. പൊതുഖജനാവിനെ പരാവധി ഊറ്റിയെടുത്തും സംസ്ഥാനത്തിന് വലിയ ബാധ്യതകള്‍ ഉണ്ടാക്കിയും തുടരുന്ന അനധികൃത നിയമനങ്ങള്‍ അവസാനിക്കണമെങ്കില്‍ പിണറായി സര്‍ക്കാര്‍ വീഴണം.