X

ഇനിയും പൂട്ടിയിടണോ പ്രവാസികളെ- എഡിറ്റോറിയല്‍

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനവും പിന്നിട്ടു കഴിഞ്ഞു. 46,387 പേരാണ് വ്യാഴാഴ്ച കേരളത്തില്‍ കോവിഡ് ബാധിതരായത്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളെന്ന പതിവ് തന്ത്രം തന്നെയാണ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്. ഞായറാഴ്ചകളെ പൂട്ടിക്കെട്ടിയാല്‍ തീര്‍ക്കാവുന്നതാണോ നിലവിലെ കേരളത്തിലെ കോവിഡ് സാഹചര്യമെന്നത് സംശയകരമാണ്. ഭരിക്കുന്ന പാര്‍ട്ടി തന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി സമ്മേളന കോലാഹലങ്ങളുമായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുകയും ജനങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിക്കുന്നതിനായി കെ റെയില്‍ ന്യായീകരണത്തിനായി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടികള്‍ തകൃതിയായി നടക്കുകയുമാണ്. രോഗം പടര്‍ത്തുന്ന ഇത്തരം വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നതിന് പകരം ഇപ്പോഴും വിദേശത്തു നിന്നുമെത്തുന്ന പ്രവാസികളെ അടക്കം കൂടുതല്‍ ദിവസം പൂട്ടിയിടുന്നതിലാണ് സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നത്.

ഇന്നലെ സംസ്ഥാനത്തെ ഡിസ്ചാര്‍ജ്ജ് മാനദണ്ഡം ആരോഗ്യ വകുപ്പ് പുതുക്കി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് രോഗ ലക്ഷണങ്ങളുള്ള രോഗികള്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത് മുതലോ, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. ഇതോടൊപ്പം മൂന്ന് ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഹോം ഐസോലേഷന്‍ അവസാനിപ്പിക്കാം. ഇതത്രയും രോഗികളുടെ അവസ്ഥയാണെങ്കില്‍ രണ്ട് ഡോസും ശേഷം ബൂസ്റ്റര്‍ ഡോസും എടുത്ത് നാട്ടില്‍ അവധിക്കെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം ഹോം വീടുകളില്‍ കഴിയണമെന്ന് പറയുന്ന നിബന്ധന എന്ത് തരം സന്ദേശമാണ് നല്‍കുന്നത്. ഇത് പ്രതിരോധമോ അതോ പ്രവാസികളോട് ചെയ്യുന്ന അപരാധമോ എന്ന് വിലയിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമായാണ് പ്രവാസികള്‍ നാട്ടിലെത്തുന്നത്. വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും അടിച്ച ശേഷം വിമാനം കയറുന്നതിന് മുമ്പും വിമാനം ഇറങ്ങിയതിന് ശേഷവും പരിശോധനക്ക് വിധേയമാകുന്നവര്‍ രോഗമില്ലെങ്കില്‍ പോലും ഇത്തരത്തില്‍ വീടുകളില്‍ ഒതുങ്ങണമെന്ന് പറയുന്നത് ക്രൂരതയല്ലാതെ മറ്റൊന്നുമല്ല.

വുഹാനില്‍ നിന്നും കോവിഡിന്റെ ഒന്നാം തരംഗം പൊട്ടിപ്പുറപ്പെട്ട കാലം മുതല്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നയം ഇത്തരത്തിലാണ്. വിദേശത്തു നിന്നും എത്തുന്നവരാണ് രോഗ വാഹകരെന്ന തരത്തിലാണ് ഇവരോട് സര്‍ക്കാറിന്റെ പെരുമാറ്റം. ആദ്യ തരംഗ സമയത്തും വിദേശത്തു നിന്നും എത്തുന്നവരെ തടയുന്നതിലായിരുന്നു സര്‍ക്കാറിന്റെ ശ്രദ്ധയെന്നത് ഓര്‍ക്കാതെ വയ്യ. കേരളത്തില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടെന്ന് ഐ.എം.എ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്നെയും ദിവസങ്ങളെടുക്കേണ്ടി വന്നു സര്‍ക്കാറിന് ഇക്കാര്യം സ്ഥിരീകരിക്കാന്‍. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചത് അലംഭാവമാണ്. ആദ്യ തരംഗം മുതല്‍ കേരളം നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിക്കുകയും എന്നാല്‍ രോഗം തടയാനുള്ള മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ എല്ലാത്തിനും കാരണം പ്രവാസികളാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമിച്ചത്.

ഇതേ അപരാധം തന്നെയാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും പ്രവാസ സമൂഹത്തോട് കാണിച്ചത്. ഓരോ ജില്ലയിലും ആയിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഇവിടങ്ങളില്‍ അനിയന്ത്രിതമായി പാര്‍ട്ടി സമ്മേളനങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശുഷ്‌കമായ അവധി ദിവസവുമായി എത്തുന്നവര്‍, വിവാഹം മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ 14 ദിവസത്തേക്ക് ക്വാറന്റീനില്‍ കഴിയണമെന്ന തിട്ടൂരം ഒരുതരം മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരേണ്ടതുണ്ട്. നാടിനെ താങ്ങി നിര്‍ത്തുന്ന, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് ഇനിയും ഈ വിവേചനം ആവശ്യമുണ്ടോ എന്നത് പൊതു സമൂഹവും വിലയിരുത്തണം.

Test User: