X

പ്രതിപക്ഷ ഐക്യം ശക്തിയാര്‍ജിക്കുന്നു: രാജ്യസഭയില്‍ സീറ്റ് കൂടിയെങ്കിലും ബി.ജെ.പിക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യാസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും സഭയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. മുത്തലാഖ് പോലുള്ള ബില്ലുകള്‍ ലോക്‌സഭയില്‍ പസ്സാക്കിയെങ്കിലും രാജ്യസഭയില്‍ വേണ്ടത്ര അംഗബലം ഇല്ലാത്തതിനാല്‍ പാസ്സാക്കാനായിരുന്നില്ല. ഈ മാസം ഒഴിവു വരുന്ന 58 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായതോടെ നില മെച്ചപ്പെടുത്തുകയായിരുന്നു ബി.ജെ.പി. അതേസമയം രാജ്യസഭയിലെ ഭൂരിപക്ഷം എന്ന കടമ്പ ബി.ജെ.പിക്ക് മുന്നില്‍ ഇപ്പോഴും ബാലികേറാ മലയാണ്. ബി.ജെ.പിയുടെ 17 അംഗങ്ങളാണ് ഈ മാസം കാലാവധി തികക്കുന്നത്. പകരം 28 ബി.ജെ.പി അംഗങ്ങള്‍ പുതുതായി സഭയില്‍ എത്തും. 245 അംഗ സഭയില്‍ 58 സീറ്റുണ്ടായിരുന്ന ബി.ജെ.പിയുടെ അംഗബലം ഇതോടെ 69 ആയി ഉയരും. 11 അംഗങ്ങളെയാണ് ബി.ജെ.പിക്ക് അധികം ലഭിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷി പദവിയും ഇതോടെ ബി.ജെ.പിയുടെ കൈയില്‍ തന്നെ ഭദ്രമായിരിക്കും.

കോണ്‍ഗ്രസിന്റെ 14 അംഗങ്ങളാണ് റിട്ടയര്‍ ചെയ്യുന്നത്. പകരം 10 അംഗങ്ങളേ സഭയില്‍ എത്തൂ. ഇതോടെ 54ല്‍നിന്ന് 50 ആയി കോണ്‍ഗ്രസിന്റെ അംഗബലം കുറയും.അതേസമയം പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ഐക്യമാണ് ബി.ജെ.പിക്ക് ഇപ്പോഴും തലവേദനയാകുന്നത്. ടി.ഡി.പി എന്‍.ഡി.എ വിട്ടതും ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. സമാജ്് വാദി പാര്‍ട്ടിയുടെ ആറ് അംഗങ്ങളാണ് ഈ മാസം റിട്ടയര്‍ ചെയ്യുന്നത്. പകരം ഒരാള്‍ മാത്രമേ സഭയിലെത്തൂ. എ.ഐ.എ.ഡി.എം.കെ, ടി.ആര്‍.എസ്, വൈ.എസ്.ആര്‍.സി.പി, ബി.ജെ.ഡി തുടങ്ങിയ കക്ഷികളുടെ സഹായത്തോടെ രാജ്യസഭയിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ട്. എന്‍.ഡി.എക്ക് പുറത്തു നിന്ന് പിന്തുണ നല്‍കുന്ന കക്ഷികളാണ് ഇവ നാലും.

chandrika: