കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി പിണഞ്ഞതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചെന്നും എന്നാല്‍ മത്സരക്രമത്തില്‍ വന്ന ചില നടപടികള്‍ ടീമിനെ ബാധിച്ചുവെന്നും കോപ്പല്‍ പറഞ്ഞു. മത്സര ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോപ്പല്‍ ഇക്കാര്യം പറഞ്ഞത്.
‘നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് മതിയായ പ്രതിഫലം നല്‍കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്, ആരാധകരോട് ക്ഷമ ചോദിക്കുന്നു. നമ്മള്‍ തോറ്റില്ല. മത്സരം സമനിലയിലാക്കി പെനാല്‍റ്റിയിലാണ് നഷ്ടമായത്. ക്ഷീണിതരായ രണ്ടു ടീമുകളുടെ ഏറ്റുമുട്ടലാണ് ഫൈനലില്‍ കണ്ടത്. എന്നിരുന്നാലും കൊല്‍ക്കത്തയെ അഭിനന്ദിക്കുന്നു.
മത്സരക്രമത്തിലെ തിരക്കിട്ട ഷെഡ്യൂള്‍ മൂലം തങ്ങള്‍ക്ക് വേണ്ടവണ്ണം പരിശീലിക്കാനുള്ള സമയം കിട്ടിയില്ല, കഴിഞ്ഞ കളിയ്ക്കും യാത്രയ്ക്കും ഇടയിലെ മൂന്ന് ദിവസം കളിക്കാരെ ക്ഷീണിപ്പിച്ചു കളഞ്ഞു. ഏഴു ദിവസത്തിനിടയില്‍ കളിക്കേണ്ടി വന്നത് മൂന്ന് മത്സരങ്ങളാണ്. ഇതിന് പുറമേ ഡല്‍ഹിയിലേക്കുള്ള നീണ്ട യാത്രകളും കോപ്പല്‍ പറഞ്ഞു.
ആരോണ്‍ ഹ്യൂസിന് പരുക്കുപറ്റി പുറത്തിരിക്കേണ്ടിവന്നതും ടീമിന് തിരിച്ചടിയായി. പക്ഷേ, അസന്തുലിതമായ ടീമായിരുന്നിട്ടും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മികച്ച രീതിയില്‍ കളിച്ചു. ഫുട്‌ബോളിന് ഇത്രയധികം ആരാധകരുള്ള കേരളത്തില്‍ നിന്ന് മികച്ച കളിക്കാരെ വാര്‍ത്തെടുക്കാന്‍ കൂടുതല്‍ ശ്രമങ്ങളുണ്ടാകണമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു. അതേസമയം അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാവുമോ എന്ന ചോദ്യത്തിന് ടീം ഉടമകളുമായി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നായിരുന്നു മറുപടി.