ചെന്നൈ: തൂത്തുകുടിയിലുണ്ടായ പൊലീസ് വെടിവെപ്പ് ആസൂത്രിതമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയും പൊലീസും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സാധാരണ വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ കമാന്‍ഡോയുടെ ദേഹചലനങ്ങളോടെ പൊലീസ് ബസിന് മുകളിലേക്ക് ചാടിക്കയറി സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിശീലനം കിട്ടിയ ഷൂട്ടറെപ്പോലെയാണ് ഇയാള്‍ ആളുകളെ ഉന്നംവെച്ച് വെടിവെക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ആദ്യം ആകാശത്തേക്ക് വെടിവെക്കുകയോ മറ്റ് മുന്നറിയിപ്പുകള്‍ നല്‍കുകയോ ചെയ്യാതെ പൊടുന്നനെ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുപതോളം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തില്‍ 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനേയും നിയോഗിച്ചിട്ടുണ്ട്.
തൂത്തുകുടിയിലുള്ള സറ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രകടനത്തിന് നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. സമരത്തിന്റെ നൂറാം ദിവസമായിരുന്നു ചൊവ്വാഴ്ച്ച. പ്രക്ഷോഭത്തിന്റെ ഭാഗമായി കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ കളക്ടറേറ്റിലേക്ക് ഇരച്ചു കയറിയതിനെ തുടര്‍ന്നാണ് വെടിവെച്ചത് എന്നായിരുന്നു തമിഴ്‌നാട് ഡി.ജി.പി പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങള്‍.