തൂത്തുകുടി: ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണശാല അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ്. സമരക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൊതുജനങ്ങളുടെ വികാരത്തെ മാനിച്ചുള്ള തീരുമാനമാണിതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.
കമ്പനിക്കെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കളക്ടര്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഫാക്ടറി പൂട്ടാതെ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.
ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ തള്ളിയ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് 1996-ലാണ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പൂര്‍ണതോതിലായത് 1998ലാണ്. അക്കാലത്ത് തന്നെ പ്ലാന്റ് പരിസരമലിനീകരണത്തിന് കാരണമാകുന്നു എന്നാരോപിച്ച് സമരം തുടങ്ങിയിരുന്നു.
രണ്ടാമത്തെ പ്ലാന്റ് തുറക്കാന്‍ കമ്പനി തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് വീണ്ടും ശക്തമായ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തിന്റെ നൂറാം ദിനമായ മെയ് 22ന് സമരക്കാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് അക്രമാസക്തമായതോടെയാണ് വെടിവെച്ചതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ പൊലീസ് ആസൂത്രിതമായി വെടിവെക്കുകയായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.