X
    Categories: MoreViews

ഹോക്കിങ്ങിന്റെ വീല്‍ചെയറിനും വിശ്വ വിഖ്യാത പ്രബന്ധത്തിനും കോടികളുടെ മൂല്യം

 

ലണ്ടന്‍: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വീല്‍ചെയറും പ്രബന്ധമായ പ്രപഞ്ചത്തിന്റെ ഉത്ഭവവും ലേലത്തില്‍ വിറ്റു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ വീല്‍ചെയര്‍ 300,000 (2,83,79,566 രൂപ) പൗണ്ടിനും പ്രബന്ധം 585,000 (5,53,19,665 രൂപ) പൗണ്ടിനുമാണ് വിറ്റ് പോയത്.
മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന സ്റ്റീഫന്‍ ഹോക്കിങ്ങ് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീല്‍ചെയറിലാണ് ചിലവഴിച്ചത്. ഹോക്കിങ്ങിന് ലഭിച്ച അവാര്‍ഡുകള്‍, മെഡലുകള്‍, ലേഖനങ്ങള്‍ എന്നിവയും ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചു. ഇവ കൂടാതെ ഹോക്കിങ്ങിന്റെ വിരലടയാളം പതിപ്പിച്ച പുസ്തകം ‘സമയത്തിന്റെ ലഘു ചരിത്രം’, ‘വികസിക്കുന്ന പ്രപഞ്ചങ്ങളുടെ സവിശേഷതകള്‍’ എന്ന 117 താളുകളുള്ള പ്രബന്ധവും ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചിട്ടുണ്ട്. 584,750 പൗണ്ടിനാണ് പ്രബന്ധം വിറ്റുപോയത്. ഹോക്കിങ്ങിന്റെ കൂടാതെ ഐസക് ന്യൂട്ടന്‍, ചാള്‍സ് ഡാര്‍വിന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവരുടെ ലേഖനങ്ങളും, കയ്യെഴുത്ത് പ്രതികളും ലേലത്തില്‍ വിറ്റിരുന്നു. ‘ഓണ്‍ ദി ഷോള്‍ഡര്‍ ഓഫ് ജയന്റ്‌സ്’ എന്ന പേരിലാണ് ഓണ്‍ലൈന്‍ ലേലം നടന്നത്. ലേലം വഴി സമാഹരിക്കുന്ന തുക സ്റ്റീഫന്‍ ഹോക്കിങ്ങ് ഫൗണ്ടേഷനും മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് അസോസിയേഷനും കൈമാറും. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഇലക്ട്രോണിക് വോയ്‌സ് സിന്തസൈസറും അധികം വൈകാതെ ഓണ്‍ലൈനിലെത്തുമെന്ന് ലേലം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് 76 കാരനായ ഹോക്കിങ്ങ് മരിച്ചത്.

chandrika: