കണ്ണൂര്‍: തലശ്ശേരിയില്‍ ബോംബു നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും സ്‌ഫോടനം. ശനിയാഴ്ച വൈകീട്ട് പാനൂര്‍ പടന്നക്കരയില്‍ കാഞ്ഞിരക്കടവ് പുഴയോരത്താണ് സ്‌ഫോടനം ഉണ്ടായത്. ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ ബോംബുകളാണെന്നറിയാതെ പുഴയിലെറിഞ്ഞപ്പോളാണ് വന്‍സ്ഫോടനമുണ്ടായത്.
വൈകീട്ട് 6 മണിയോടെയാണ് സംഭവം. പറമ്പ് വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ കൂടോത്രം ചെയ്ത വസ്തുക്കളാണെന്ന് ധരിച്ചാണ് ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. പാനൂര്‍ നഗരസഭാപരിധിയില്‍ പടന്നക്കരയിലെ കൊളങ്ങരക്കണ്ടി പദ്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കിട്ടിയത്. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പുഴയിലെറിഞ്ഞു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. ശബ്ദം കേട്ട ഭീതിയിലായ നാട്ടുകാര്‍ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. ചൊക്ലി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും പടന്നക്കര വാര്‍ഡ് കമ്മിറ്റിയും ആവശ്യപ്പെട്ടു.