X

അക്ഷയ സെന്ററുകള്‍ക്കെതിരെയുള്ള സ്റ്റേ നീക്കി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രം ബയോമെട്രിക് മാസ്റ്ററിംഗ് നടത്തേണ്ടതാണ് എന്ന കേരള സര്‍ക്കാരിന്റെ 28.03.2023 ല്‍ ഇറക്കിയ ഉത്തരവിനെതിരെയുള്ള സ്റ്റേ ഹൈക്കോടതി നീക്കി. സി എസ്. സികള്‍ക്കും അക്ഷയ സെന്ററുകള്‍ക്കും തുല്യ പരിഗണന നല്‍കേണ്ടതാണെന്ന് കാണിച്ച് 27 സി. എസ്. സി നടത്തിപ്പുകാര്‍ നല്‍കിയ ഹരജിയിലെ സ്റ്റേയാണ് ഇന്ന് ഹൈക്കോടതി നീക്കം ചെയ്തത്. ഹരജിയില്‍ നാലാം എതിര്‍കക്ഷിയായി കക്ഷിചേര്‍ന്ന സ്റ്റേറ്റ് ഐ. ടി എംപ്ലോയിസ് യൂണിയന്‍ (എസ്. ടി. യു) അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖേന വിശദമായ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ജീവന്‍ പ്രമാണ്‍ പോര്‍ട്ടലും, കേരള സര്‍ക്കാരിന്റെ ജീവന്‍ രേഖാ പോര്‍ട്ടലും രണ്ട് വ്യത്യസ്തങ്ങളായ സംവിധാനങ്ങളാണെന്നും അക്ഷയ സെന്ററുകള്‍ വഴി പെന്‍ഷനേഴ്‌സിന് മസ്റ്ററിംഗിലൂടെ നേരിട്ട് പണം ലഭിക്കുമെന്നും എന്നാല്‍ ജീവന്‍ പ്രമാണ്‍ പോര്‍ട്ടലിലൂടെ മാത്രമായി പ്രവര്‍ത്തിക്കുന്ന സി. എസ്. സികള്‍ക്ക് അതിനുള്ള സംവിധാനം ഇല്ല എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാധാരണ ജനങ്ങള്‍ക്ക് 30 രൂപ നിരക്കില്‍ അക്ഷയ സെന്ററുകള്‍ സേവനം നല്‍കുമ്പോള്‍ സി. എസ്. സികള്‍ക്ക് സേവനത്തിനായി നല്‍കേണ്ട തുക ക്ലിപ്തപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ വലിയ തുക ഈടാക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അക്ഷയ സെന്ററുകളെ കേരള സ്റ്റേറ്റ് ഐടി മിഷന്‍ ജില്ലാ ഇ- ഗവേണന്‍സ് സൊസൈറ്റി മുഖാന്തരം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഓണ്‍ലൈന്‍ ടെസ്റ്റും അഭിമുഖവും നടത്തിയാണ് നിയമിക്കുന്നത്. എന്ന് മാത്രമല്ല പ്ലസ് ടു വിദ്യാഭ്യാസവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്ഷയ സെന്റര്‍ അപേക്ഷകര്‍ക്ക് നിര്‍ബന്ധമാണെന്നും എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള പരിശോധനകള്‍ ഒന്നും ഇല്ലാതെയും മിനിമം യോഗ്യത പോലും ഇല്ലാതെയുമാണ് സി. എസ്. സികള്‍ക്ക് അനുമതി നല്‍കുന്നത്.

കോടതി സ്റ്റേ ചെയ്തത് മൂലം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവയുടെ മസ്റ്ററിംഗ് നടപടി 25.04.2023 മുതല്‍ പൂര്‍ണമായും നിലച്ചിരിക്കുകയായിരുന്നു. സ്റ്റേ നീക്കം ചെയ്തത് മൂലം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നാളെ മുതല്‍ അക്ഷയ സെന്ററുകളിലൂടെ മസ്റ്ററിംഗ് നടത്താവുന്നതാണ്.

 

webdesk11: