X
    Categories: indiaNews

മഴക്കെടുതിയില്‍ സംസ്ഥാനങ്ങള്‍;ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിയും വെള്ളപ്പൊക്ക ഭീഷണിയില്‍

ന്യൂഡല്‍ഹി: ശക്തമായ മഴയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷമായ കെടുതികള്‍. ഡല്‍ഹിയിലെ നിരവധി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡ്, റെയില്‍ ഗതാഗതങ്ങളെ മഴ ബാധിച്ചു. വെള്ളക്കെട്ടിനെതുടര്‍ന്ന് രൂക്ഷമായ ഗതാഗത സ്തംഭനമാണ് പല സ്ഥലങ്ങളിലും ഇന്നലെ അനുഭവപ്പെട്ടത്. ഇടിമിന്നലും കാറ്റും അടങ്ങിയ ശക്തമായ മഴ ഏതാനും ദിവസത്തേക്ക് കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ശക്തമായ മഴയെതുടര്‍ന്ന് ഗോദാവരി നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ആന്ധ്രാപ്രദേശിലേയും തെലുങ്കാനയിലേയും ജനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി താഴ്ന്ന പ്രദേശങ്ങളില്‍ ഇതിനകം തന്നെ വെള്ളം കയറിയിട്ടുണ്ട്. ശബരി, ഗോദാവരി നദികളുടെ സംഗമ മേഖലയായ കനവാരത്ത് പാലത്തിനു മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

ക്ഷേത്രനഗരിയായ ഭദ്രാചലത്ത് ഗോദാവരി നദിയിലെ ജലനിരപ്പ് 71.20 അടിയെന്ന റെക്കോര്‍ഡിലെത്തി. ജലനിരപ്പ് 53 അടിയിലെത്തിയാല്‍ മൂന്നാമത്തെ മുന്നറിയിപ്പും നല്‍കുമെന്നിരിക്കെയാണ് വന്‍ തോതില്‍ വെള്ളം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ഭദ്രാദ്രി – കൊത്തഗുഡം ജില്ലകളിലെ നിരവധി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇതേതുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതിനകം 10,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഭദ്രാചലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററിന്റെ സഹായം കൂടി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കി.

മഴക്കെടുതിയില്‍ മഹാരാഷ്ട്രയില്‍ നാലു പേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ അപകടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഈ മഴ സീസണിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 99 ആയതായി ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. മുംബൈ, പുനെ, സതാര, പല്‍ഗാര്‍ എന്നിവിടങ്ങളില്ലാം താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഗുജറാത്തില്‍ സൂറത്ത് അടക്കം എട്ടു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Chandrika Web: