മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ.
ഒന്നാമത്തെ കാര്യം അന്ന് ദുരിതാശ്വാസ നിധി തന്നെ ഇല്ല എന്നതാണ്. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഞങ്ങളുടെ നേതാവ് സി.എച്ച് വിടപറയുന്നത്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മരിക്കുമ്പോൾ വീട് ജപ്തി ഭീഷണിയിലായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും പണമടച്ചാണ് ആ ജപ്തി ഒഴിവാക്കിയത്. സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ കൊടുത്ത കണക്കാണ് പിന്നെ പറയുന്നത്. അത് ആരുടെയും ഔദാര്യമല്ല. രാജ്യത്തെ ഏത് എം.എൽ.എ മരിച്ചാലും ഭാര്യക്ക് കിട്ടുന്ന അവകാശമാണ്. സർക്കാർ ആകെ ചെയ്തത് മുനീറിന് പഠിക്കാൻ 100 രൂപ സ്‌റ്റൈപ്പന്റ് കൊടുത്തു എന്നത് മാത്രമാണ്. പഠിക്കാനുള്ള ഫീസായിരുന്നില്ല അത്. പോക്കറ്റ് മണി മാത്രമായിരുന്നു. മുൻ എം.എൽ.എയുടെ ചികിത്സാ സഹായമാണ് മറ്റൊരു പരാതിയായി ഉന്നയിക്കുന്നത്. അതിനും നിയമപരമായി വകുപ്പുണ്ട്.
ഇവിടെ പ്രശ്‌നം പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയെന്നു പറഞ്ഞ് ജനപ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും സാധാരണക്കാരിൽനിന്നും പിരിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നതാണ്. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത വ്യക്തിയുടെ കുടുംബത്തിനാണ് ദുരിതാശ്വാസ നിധിയിൽനിന്ന് 25 ലക്ഷം നൽകിയത്. എം.എൽ.എയുടെ മകന് ജോലിയും ഭാര്യയുടെ സ്വർണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്ക് എട്ടര ലക്ഷവും നൽകി. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിപെട്ട് മരിച്ച പോലീസ് ഓഫീസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗവും 20 ലക്ഷവും നൽകി.
ഇവർക്കൊന്നും പണം കൊടുത്തതിന് ഇവിടെയാർക്കും ചൊറിച്ചിലില്ല. ദുരിതാശ്വാസ നിധിയിലെ പണം സ്വന്തം ഇഷ്ടപ്രകാരം ദുർവിനിയോഗം ചെയ്തു എന്നതാണ് കേസിനാധാരം. അവർക്കു വേണ്ടി എന്ന് പറഞ്ഞ് പിരിച്ച ശേഷം പണം കൊടുക്കാമായിരുന്നു. അതല്ല ചെയ്തത്. സാധാരണക്കാർ രോഗം കൊണ്ട് പ്രയാസപ്പെടുന്ന പാവങ്ങൾക്ക് കിട്ടുമെന്ന് കരുതി നൽകിയ തുകയാണ് വകമാറ്റിയത്. കുട്ടികൾ ചില്ലറ ശേഖരിച്ച കുടുക്ക പൊട്ടിച്ച പണവും അതിലുണ്ട്. ഒരു വിശ്വാസത്തിന്റെ പുറത്താണ് അവർ അതെല്ലാം നൽകിയത്. എന്നാൽ സർക്കാർ ചെയ്തത് വിശ്വാസ വഞ്ചനയാണ്.ചെയ്തത് തെറ്റാണ്.
ആ തെറ്റിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് ഒരു ലോജിക്കുമില്ലാത്ത ന്യായീകരണവുമായി വരുന്നത്. പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കില്ലന്നെ്
കെ.പി.എ മജീദ് പറഞ്ഞു.