X

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍. നടിയും അക്രമിയും കൂട്ടുകാരാണെന്ന പ്രസ്തവാനയെ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിമര്‍ശിച്ചു.

നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്ന് അവര്‍ പറഞ്ഞു. നടിയും അക്രമിയും കൂട്ടുകാരാണെന്നുള്ള ദിലീപിന്റെ പരാമര്‍ശത്തിനു പിന്നില്‍ നിഗൂഢതയുണ്ട്. അത് അപലപനീയമാണ്. സത്യസന്ധയും സാമൂഹികധാരണയും ഇല്ലാതെ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് തെറ്റാണ്. എന്തറിഞ്ഞാണ് ദിലീപും സലീംകുമാറും ഇങ്ങനെ പ്രതികരിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അവര്‍ പറഞ്ഞു.

എങ്ങനെയാണ് അവര്‍ക്ക് നീതി കിട്ടുന്നത്. ആരൊക്കെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്. സ്ത്രീകളുടെ ഭൂതകാലം അന്വേഷിക്കുന്നത് പോലും തെറ്റാണ്. ഇരയോടൊപ്പം നില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. ഇരയുടെ പേര് വെളിപ്പെടുത്തുന്നത് അങ്ങേയറ്റം തെറ്റാണ്. പേര് വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത് നടിപടിയെടുക്കേണ്ട കാര്യമാണ്. വേണ്ടി വന്നാല്‍ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കും. വേണ്ടി വന്നാല്‍ എന്നല്ല, എടുക്കുന്നതായിരിക്കും. അത് സുപ്രീംകോടതിയുടെ ഗൈഡ്‌ലൈനാണെന്നും ജോസഫൈന്‍ പറഞ്ഞു. കേസില്‍ നീതികിട്ടുംവരെ നടി ഉറച്ചുനില്‍ക്കണം. സ്വമേധയാ കേസെടുക്കേണ്ടി വന്നാല്‍ എടുക്കും. കേസില്‍ നിയമോപദേശം തേടി ഇടപെടുകയാണ് ചെയ്യാനുള്ളത്. നടി തന്നെ മുന്നോട്ട് വന്നതുകൊണ്ടാണ് വിഷയത്തില്‍ ഇടപെടാതിരുന്നത്. സിനിമയിലെ വനിതാ കൂട്ടായ്മ അമ്മ സംഘടനക്കു മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് അവസാനിപ്പിക്കണം. നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ സിനിമയിലെ വനിതാ സംഘടന മുന്നിട്ടുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ദിലീപിന്റെ പരാമര്‍ശം ഉണ്ടായത്. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും കൂട്ടുകാരാണെന്നും കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു ദിലീപിന്റെ പരാമര്‍ശം. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും സംസ്ഥാന വനിതാ കമ്മീഷന്‍ ഇന്നാണ് വിമര്‍ശനവുമായെത്തിയത്.

chandrika: