X

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മലപ്പുറത്ത് നാളെ കിക്കോഫ്

മലപ്പുറം: 59ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ മലപ്പുറം കോട്ടപ്പടിയില്‍ ആരംഭിക്കും. രാവിലെ ഏഴ് മണിക്ക് ആദ്യമത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ കണ്ണൂര്‍ ആലപ്പുഴയെ നേരിടും. വൈകുന്നേരം നാലു മണിക്ക് എറണാകുളം ഇടുക്കിയുമായി മത്സരിക്കും. മത്സരത്തിന്റെ സീസണ്‍ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും മത്സരങ്ങളുടെ ടിക്കറ്റ് സ്റ്റേഡിയത്തിലെ കൗണ്ടറില്‍ നിന്ന് ലഭ്യമാകും. സംസ്ഥാനത്തെ 14 ജില്ലാ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കോട്ടപ്പടിയില്‍ നടക്കുന്നത്. 2016 ലാണ് കോട്ടപ്പടിയില്‍ അവസാനമായി ചാമ്പ്യന്‍ഷിപ്പ് നടന്നത്.

നിലവിലെ ജേതാക്കളായ കാസര്‍കോട്, രണ്ടാം സ്ഥാനക്കാരായ മലപ്പുറം ടീമുകള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. കണ്ണൂര്‍ – ആലപ്പുഴ മത്സരത്തിലെ വിജയികളാണ് നിലവിലെ ജേതാക്കളായ കാസര്‍കോടിന് ക്വാര്‍ട്ടറില്‍ എതിരാളിയാവുക. വയനാട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും. ഏഴ്, എട്ട് തിയ്യതികളില്‍ സെമി ഫൈനലും ഒന്‍പതാം തിയ്യതി ഫൈനല്‍, ലൂസേഴ്—സ് ഫൈനല്‍ എന്നിവ നടക്കും. നാളെ തുടങ്ങി 9ന് അവസാനിക്കുന്ന ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ ദിവസം ഒഴിച്ച് ബാക്കി എല്ലാ ദിവസങ്ങളിലും രണ്ട് മത്സരങ്ങള്‍ വീതമുണ്ടാവും. രാവിലെ 7 നും വൈകീട്ട് 4നുമാണ് മത്സരങ്ങള്‍. നാഷണല്‍ ഗെയിംസ്, സന്തോഷ് ട്രോഫി എന്നിവയ്ക്കുള്ള കേരള ടീമിനെ ഈ ടൂര്‍ണമെന്റില്‍ നിന്നാണ് തിരഞ്ഞെടുക്കുക. കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തം തട്ടകത്തില്‍ നിന്നും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് മലപ്പുറം പന്ത് തട്ടുക. നിലവിലെ ചാമ്പ്യന്മാരായ കാസര്‍കോടിന് കിരീടം നിലനിര്‍ത്തല്‍ കടുത്ത വെല്ലുവിളിയാകും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാന്‍ വൈകുന്നേരം നാല് മണിക്ക് നിര്‍വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എഫ്.എ വൈസ് പ്രസിഡന്റ് എം മുഹമ്മദ് സലീം, പി അഷറഫ്, മയൂര ജലീല്‍, പി.എം സുധീര്‍കുമാര്‍, നയീം പങ്കെടുത്തു.

webdesk11: