കുന്നംകുളം സിന്തറ്റിക് ട്രാക്കില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരു പവലിയനില്‍ നിറയെ പൊന്നിന്‍ നിറമുള്ള ട്രോഫികള്‍. ഈ മിന്നും ട്രോഫികള്‍ക്കായി ട്രാക്കില്‍ ഓരോ നിമിഷവും തീപാറും മത്സരങ്ങള്‍. നാലേകാല്‍ അടി ഉയരമുള്ള ഏറ്റവും വലിയ ട്രോഫിയാണ് ഓവറോള്‍ ഡിസ്ട്രിക്ട് വിന്നറെ കാത്തിരിക്കുന്നത്. ഈ ട്രോഫി നേടാനായി ഓരോ ജില്ലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടുന്നവര്‍ക്കാണ് അടുത്ത വലിയ ട്രോഫികള്‍.
എട്ട് വലിയ ട്രോഫികളുള്‍പ്പെടെ ആകെ 52 ട്രോഫികളാണ് വിജയികള്‍ക്കായി ട്രോഫി കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. സ്പോണ്‍സര്‍ഷിപ്പ് വഴിയും അല്ലാതെയും രണ്ട് ലക്ഷത്തോളം രൂപയാണ് ഇതിന് വിനിയോഗിച്ചത്. വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കായി 20 ട്രോഫികളുമുണ്ട്. കലാ-കായിക മത്സരങ്ങള്‍ക്ക് സ്ഥിരം ട്രോഫി ഒരുക്കുന്ന മറ്റം സ്വദേശിയും റിട്ട. അധ്യാപകനുമായ തോമസിന്റെ തൃശ്ശൂര്‍ ട്രോഫീസില്‍ നിന്നാണ് ട്രോഫി തയ്യാറാക്കിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ട്രോഫി നല്‍കുന്നതെന്ന് കമ്മിറ്റി കണ്‍വീനര്‍ എം എ ജാബിര്‍ പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ നിലവാരമുള്ള ട്രോഫികളാണ് ഈ വര്‍ഷം തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാലാണ് ട്രോഫി കമ്മിറ്റി ചെയര്‍പേഴ്സണ്‍. തൃശ്ശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ട്രോഫി പവലിയന്‍ സന്ദര്‍ശിച്ചു.