കുന്നംകുളം: ആദ്യദിനം മുതല്‍ കുതിച്ചുപാഞ്ഞ പാലക്കാടിനെ പിടിച്ചുകെട്ടാന്‍ ആരുമില്ല, സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കാനിരിക്കെ 179 പോയിന്റുമായി പാലക്കാട് ഹാട്രിക് കിരീടം ഏറെക്കുറേ ഉറപ്പിച്ചു. 18 സ്വര്‍ണവും, 21 വെള്ളിയും, 9 വെങ്കലവും ചാമ്പ്യന്‍മാര്‍ ഇതുവരെ ബാഗിലാക്കി. 131 പോയിന്റുമായി രണ്ടാമതുള്ള മലപ്പുറം മുന്നിലെത്താന്‍ ഇന്ന് അത്ഭുതങ്ങള്‍ കാട്ടണം. 11 സ്വര്‍ണവും, 17 വെള്ളിയും, 14 വെങ്കലവുമാണ് നിലവിലെ റണ്ണേഴ്‌സ് അപ്പിന്. മുന്‍ ചാമ്പ്യന്‍മാരായ എറണാകുളം 11 സ്വര്‍ണമുള്‍പ്പെടെ 69 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 3 വെള്ളിയും 5 വെങ്കലവും കൂടി എറണാകുളത്തിന്റെ അക്കൗണ്ടിലുണ്ട്. ബുധനാഴ്ച വരെ ആറാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം ഇന്നലെ 56 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ഇത്രയും പോയിന്റുള്ള കോഴിക്കോടാണ് അഞ്ചാമത്. കാസര്‍ഗോഡ് 41, കോട്ടയം 36, കണ്ണൂര്‍ 32, ആലപ്പുഴ 31, കൊല്ലം 23, ഇടുക്കി 21, തൃശൂര്‍ 18, വയനാട് 12, പത്തനംതിട്ട 6 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. നാലാം ദിനവും സ്വര്‍ണത്തിലെത്താന്‍ പത്തനംതിട്ടക്കായില്ല.
സീനിയര്‍ പെണ്‍ ജാവലിനില്‍ സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന എയ്ഞ്ചലീന്‍ ടോമിന്‍ പരിക്കിനെ തുടര്‍ന്ന് രണ്ടാം സ്ഥാനത്തേക്ക് വീണത് അവര്‍ക്ക് തിരിച്ചടിയായി. സ്‌കൂള്‍ വിഭാഗം കിരീടപ്പോരിനായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് എച്ച്.എസ്എസും, മുന്‍ ചാമ്പ്യന്‍മാരായ കോതമംഗലം മാര്‍ബേസിലും ഇഞ്ചോടിഞ്ച് പോരാണ്. 43 പോയിന്റുള്ള ഐഡിയലിന് പിന്നില്‍ അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് മാര്‍ബേസില്‍ നില്‍ക്കുന്നത്. ഐഡിയലിന് നാലും, മാര്‍ബേസിലിന് ആറും സ്വര്‍ണമുണ്ട്. പാലക്കാട് കല്ലടി എച്ച്.എസ് കുമരംപുത്തൂരാണ് 29 പോയിന്റുമായി മൂന്നാം സ്ഥാനത്ത് .കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസ്.എസ് 24, പാലക്കാട് പറളി എച്ച്.എസ് 22, മലപ്പുറം ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ് 22, കാസര്‍ക്കോട് കുട്ടമത്ത് ജി.എച്ച്.എസ്.എസ് 19, മലപ്പുറം കാവനൂര്‍ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ എച്ച്എസ്എസ് 17, കോതമംഗലം കീരംപാറ സെന്റ് സ്്റ്റീഫന്‍സ് എച്ച്എസ്എസ് 16, പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസ് 14 സ്‌കൂളുകളാണ് നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. മീറ്റിന്റെ മൂന്നാം ദിനം ജൂനിയര്‍ ആണ്‍വിഭാഗം ഹര്‍ഡില്‍സില്‍ പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസ്.എസിന്റെ കെ.കിരണ്‍ 13.84 സെക്കന്‍ഡ് ഫിനിഷിങില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചു. മറ്റു ഇനങ്ങളില്‍ കാര്യമായ പ്രകടനങ്ങളുണ്ടായില്ല. ആറു താരങ്ങള്‍ കൂടി ഇന്നലെ ഡബിള്‍ തികച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പിനിടെ വയനാടിന്റെ മുഹമ്മദ് സിനാന് കഴുത്തിന് ഗുരുതരമായി പരിക്കേറ്റത് സങ്കടക്കാഴ്ച്ചയായി. ഇന്ന് 25 ഇനങ്ങളിലാണ് ഫൈനല്‍. വൈകിട്ട് നാലിന് സീനിയര്‍ ആണ്‍കുട്ടികളുടെ 4400 റിലേയാണ് അവസാന ഇനം.